മലങ്കര ടൂറിസം പദ്ധതി: റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം 

Monday 25 May 2026 1:17 AM IST

തിരുവനന്തപുരം: മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടുണ്ടെന്ന പരാതിയിൽ മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം. ഇടുക്കി വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം നിർദേശം നൽകിയത്.

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്.എസ്.ഐ.ടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് കമ്പനിക്കാണ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കരാർ നൽകിയത്. ടെണ്ടർ നൽകിയതിൽ വീഴ്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുട്ടം സ്വദേശിയും തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബേബി ജോസഫാണ് വിജിലൻസ് മേധാവിക്ക് പരാതി നൽകിയത്.. മലങ്കര ജലാശയത്തിൽ നടത്തിയ ടൂറിസം പദ്ധതിയിൽ വലിയ അഴിമതി നടന്നെന്നാണ് ആരോപണം. സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതിയുടെ ടെൻഡറെന്നും പരാതിയിൽ വ്യക്തമാക്കുന്നു.യുഡിഎഫ് സർക്കാർ അധികാരത്തിലേറി ആറാം ദിവസമാണ് മുൻ മന്ത്രിക്കെതിരെ വിജലൻസ് അന്വേഷണത്തിന് നിർദ്ദേശം.

മലങ്കര ടൂറിസം പദ്ധതിയിലെ വിജിലൻസ് അന്വേഷണം വ്യക്തിഹത്യക്കുള്ള ശ്രമമാണെന്ന് റോഷി അഗസ്റ്റിൻ പ്രതികരിച്ചു. തനിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ സഹകരിക്കും. ഇറിഗേഷൻ ടൂറിസം പദ്ധതി പാരിസ്ഥിതിക സൗഹൃദപരമാണ്. സർക്കാർ ഇതിൽ ഒരു രൂപ പോലും മുടക്കുന്നില്ല. 96.5 ശതമാനം ലാഭം സ്വകാര്യ കമ്പനിക്ക് നൽകുമെന്നത് അടിസ്ഥാന രഹിതമാണ്. വരുമാനത്തിന്റെ വിഹിതമാണ് സ്വകാര്യ കമ്പനിക്ക് നൽകുന്നത്. ടെൻഡറിന് മൂന്ന് ഘട്ടങ്ങളിലായി പരസ്യം നൽകിയിരുന്നുവെന്നും റോഷി പറഞ്ഞു.