ടൂറിസം പദ്ധതിയിൽ ക്രമക്കേടെന്ന് പരാതി: റോഷി അഗസ്റ്റിനെതിരെ അന്വേഷണം

Monday 25 May 2026 12:42 AM IST

തൊടുപുഴ: മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം.

മുട്ടം സ്വദേശി ബേബി ജോസഫ് നൽകിയ പരാതിയിൽ ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. എഫ്.എസ്‌.ഐ.ടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകിയതുമായി ബന്ധപ്പെട്ടാണ് ആരോപണം.

മലമ്പുഴ മോഡലിൽ മലങ്കര ഡാം കേന്ദ്രീകരിച്ച് വിനോദസഞ്ചാരം ലക്ഷ്യമിട്ട് ആവിഷ്‌കരിച്ച പദ്ധതിയാണ് മലങ്കര ടൂറിസം പദ്ധതി.

ജലാശയം 30 വർഷത്തേക്ക് സ്വകാര്യ ഏജൻസിക്ക് പാട്ടത്തിന് നൽകിയപ്പോൾ, ലാഭത്തിന്റെ 3.5 ശതമാനം സർക്കാരിനും ബാക്കി 96.5 ശതമാനം സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന രീതിയിലാണ് പാട്ടകരാർ നടപ്പാക്കിയത്.

ക്രമക്കേടുണ്ടെന്നും അതിൽ റോഷിക്ക് നേരിട്ട് പങ്കുണ്ടെന്നും തെളിഞ്ഞാൽ ശക്തമായ നടപടിയെടുക്കനാണ് സർക്കാർ തീരുമാനം. നേരത്തെയും പദ്ധതിക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും പരാതികൾ ലഭിച്ചിരുന്നില്ല.

യു.ഡി.എഫ് സർക്കാർ അധികാരമേറ്റ് ആറാംദിനമാണ് നടപടി.

സുതാര്യമെന്ന് റോഷി

തനിക്കെതിരെയുള്ള ആരോപണങ്ങൾ റോഷി നിഷേധിച്ചു. കരാർ നടപടികൾ പൂർണമായും സുതാര്യമായിരുന്നു. പത്രമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ പരസ്യം നൽകി ടെൻഡർ വിളിച്ചിരുന്നു. ഒരു കമ്പനി മാത്രമാണ് മുന്നോട്ട് വന്നത്.സർക്കാരിന്റെ നയപ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. പരാതി വന്നാൽ അന്വേഷണം പ്രഖ്യാപിക്കുക സ്വാഭാവികമാണെന്നും ഏത് അന്വേഷണത്തെയും സ്വാഗതംചെയ്യുന്നുവെന്നും റോഷി പ്രതികരിച്ചു. രാഷ്ട്രീയ ഇടപെടലുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും റോഷി അഗസ്റ്റിൻ വ്യക്തമാക്കി.