SignIn
Kerala Kaumudi Online
Sunday, 24 May 2026 2.05 PM IST

ശരീരത്തിലേറ്റത് എൺപതുശതമാനം പൊള്ളൽ, കരിയാതെ ശേഷിച്ചത് മനസുമാത്രം; ഈ വിജയം മനുഷ്യസാദ്ധ്യമോ?

vinod
പൊളളലേറ്റ വിനോദ്. ചിത്രങ്ങൾക്ക് കടപ്പാട് സൈലം പി എസ് സി

ജീവിതത്തിൽ ചെറിയൊരു തടസമുണ്ടായാൽത്തന്നെ എല്ലാം തീർന്നു എന്നുപറഞ്ഞ് വിലപിക്കുന്നവരാണ് ഭൂരിഭാഗവും. അത്തരക്കാർ കണ്ടുപഠിക്കേണ്ടത് തിരുവനന്തപുരം സ്വദേശി വിനോദിന്റെ ജീവിതമാണ്. വെടിമരുന്ന് ദുരന്തത്തിൽപ്പെട്ട് ശരീരത്തിൽ എൺപതുശതമാനത്തിലേറെ പൊള്ളലേറ്റ് ഇനിരക്ഷയില്ല എന്ന വൈദ്യശാസ്ത്രംപോലും ഏറക്കുറെ തീർപ്പുകല്പിച്ച ആ യുവാവ് മരണത്തെപ്പോലും തോൽപ്പിച്ച് വെട്ടിപ്പിടിച്ചതാകട്ടെ ശരീരത്തിന് ഒരു കുറവും ഇല്ലാത്തവർപോലും അസാദ്ധ്യമെന്ന് കരുതുന്നവ. വെന്ത് വികൃതമായ, ആഹാരം വാരിക്കഴിക്കാൻപോലും കഴിയാത്ത കൈകൊണ്ട് സ്വന്തമായി പിഎസ്‌സി പരീക്ഷ എഴുതി സർക്കാർ ജോലി നേടി നിവർന്നുനിൽക്കുകയാണ് വിനോദ്. 'ഒരാൾ എന്തെങ്കിലും നേടാൻ വേണ്ടി ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ ഈ പ്രപഞ്ചം മുഴുവൻ ആ സ്വപ്നസാക്ഷാത്കാരത്തിനായി അവന്റെ ഒപ്പമുണ്ടാകും' എന്ന വിഖ്യാത ബ്രസീലിയൻ നോവലിസ്റ്റ് പൗലോ കൊയ്‌ലോയുടെ വാക്കുകൾ വിനോദിനെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. ഏത് കഠിനഹൃദയനാണെങ്കിലും ഞെട്ടലോടെയല്ലാതെ കേൾക്കാൻ കഴിയാത്ത തന്റെ ജീവിതം വിനോദ് കേരളകൗമുദി ഓൺലൈനുമായി പങ്കുവയ്ക്കുന്നു.

ജീവിതം തകർത്ത ഏപ്രിൽ 23

2009 ഏപ്രിൽ 22വരെ വിനോദ് 21-ാം വയസിന്റെ ചുറുചുറുക്കുള്ള ചെറുപ്പക്കാരനായിരുന്നു. പക്ഷേ തൊട്ടടുത്തദിവസം ആ യുവാവിന് വിധി കരുതിവച്ചിരുന്നത് മറ്റൊന്നായിരുന്നു.

വെഞ്ഞാറമൂടിനടുത്ത് വൈദ്യൻകാവ് സ്വദേശിയാണ് വിനോദ്.പ്ളസ് ടു പഠനംകഴിഞ്ഞ് കറസ്‌പോണ്ടൻസായി ഡിഗ്രിക്ക് പഠിക്കുകയായിരുന്നു വിനോദ് അപ്പോൾ. കോളേജിൽ പഠിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നെങ്കിലും വീട്ടിലെ സാഹചര്യം അതിന് അനുവദിച്ചില്ല. ക്ളാസില്ലാത്ത ദിവസങ്ങളിൽ ഇലക്ട്രിക് പണിക്ക് പോയാണ് കുടുംബം പുലർത്താനുള്ള വരുമാനം നേടിയിരുന്നത്. 2009 ഏപ്രിൽ 23 ന് വൈദ്യൻകാവ് ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള ചെറിയ കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. വിനോദിന്റെ സുഹൃത്തുക്കളായിരുന്നു ഇതിനുപിന്നിൽ പ്രവർത്തിച്ചത്. വൈകുന്നേരം ജോലികഴിഞ്ഞ് വിനോദും വെടിപ്പുരയിലെത്തി. നിമിഷങ്ങൾക്കമായിരുന്നു ആ യുവാവിന്റെ ജീവിതം തകർത്തെറിഞ്ഞ ദുരന്തമെത്തിയത്. കുറ്റിവെടിവയ്ക്കുന്നതിനിടെ ഒരു കുറ്റിചരിഞ്ഞു. അതിൽ നിന്നുള്ള തീപ്പൊരി വെടിപ്പുരയിലേക്ക് തെറിച്ചു. ഇതെല്ലാം വിനോദ് കാണുന്നുണ്ടായിരുന്നു. പക്ഷേ ഓടിമാറാൻ കഴിഞ്ഞില്ല. തൊട്ടടുത്ത നിമിഷം കാതടപ്പിക്കുന്ന ഉഗ്ര സ്ഫോടനവും ആകാശംമുട്ടുന്ന തീ ഗോളവും. സ്ഫോടനത്തിന്റെ ശക്തിയിൽ വിനോദ് എടുത്തെറിയപ്പെട്ടത് വെടിപ്പുരയിൽ പൊട്ടാതെ മാറ്റിവച്ചിരുന്ന നിറകുറ്റികൾക്കുമേലെ. അടുത്തനിമിഷം അവയും പൊട്ടിത്തെറിച്ചു.

vinod

മരണവെപ്രാളത്തോടെ പറഞ്ഞറിയിക്കാനാകാത്ത, പൊള്ളിയഴലുന്ന വേദനയോടെ വിനോദ് വെടിപ്പുരയിൽ നിന്ന് എങ്ങോട്ടെന്നില്ലാതെ ഓടി. ചെന്നുവീണത് തൊട്ടടുത്തുള്ള ചെളിനിറഞ്ഞ ചാലിൽ. ദുരന്തംകണ്ട് പരക്കംപാഞ്ഞ ജനങ്ങളിൽ ചിലർ വിനോദിന്റെ മുകളിലേക്ക് വീണു. ഇതിനിടെ ദുരന്തസ്ഥലത്ത് പാഞ്ഞെത്തിയ നാട്ടുകാരും ഭക്തജനങ്ങളും പൊള്ളലേറ്റവരുമായി സമീപത്തുണ്ടായിരുന്ന വാഹനങ്ങളിൽ ആശുപത്രിയിലേക്ക് പാഞ്ഞു. പക്ഷേ, വിനാേദിനെ അവരാരും കണ്ടില്ല. തനിക്കുമേൽ വീണവരെ കുടഞ്ഞെടിഞ്ഞ് വേദന സഹിക്കാനാവാതെ വീണ്ടും വിനോദ് എഴുന്നേറ്റ് ഓടി. ശരീരം മുഴുവൻ കത്തിക്കരിഞ്ഞ് കറുത്തിരുണ്ട് ഓടിവരുന്ന ആ രൂപത്തെ കണ്ടവർ നിലവിളിച്ചു. ചിലർ കണ്ണുപൊത്തി. ശരീരത്തിൽ കത്താതെ ശേഷിച്ചത് മുഖത്തിന്റെ കുറച്ചുഭാഗം മാത്രം. ആ ഭാഗത്ത് ഒട്ടിപ്പിടിച്ച നിലയിൽ ധരിച്ചിരുന്ന ജീൻസിന്റെയും ഷർട്ടിന്റെയും ഭാഗങ്ങൾ....

ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും വിനോദിന് ബോധമുണ്ടായിരുന്നു.പക്ഷേ തന്റെ ശരീരത്തിന് എന്തുപറ്റിയെന്ന് അയാൾക്ക് മനസിലാകുന്നുണ്ടായിരുന്നില്ല. ഇടയ്ക്കെപ്പഴോ ആംബുലൻസ് ചെറുതായി ബ്രേക്കുചെയ്തപ്പോൾ മരണവേദനകൊണ്ട് പുളഞ്ഞ വിനോദ് എഴുന്നേറ്റിരുന്നു. ആ നിമിഷം ഇപ്പോഴും ഓർമയുണ്ട്. ആംബുലൻസിന് തൊട്ടടുത്ത് നിറുത്തിയിരുന്ന ബസിലുണ്ടായിരുന്ന അമ്മ ആംബുലൻസിലേക്ക് നോക്കിക്കൊണ്ടിരുന്ന കുഞ്ഞിന്റെ മുഖം പിടിച്ചുമാറ്റിയശേഷം കണ്ണുപൊത്തുന്നു. അത് കണ്ടപ്പോൾ തന്റെ രൂപത്തിന് സംഭവിച്ചത് ഏറെക്കുറെ വിനോദിന് വ്യക്തമായി.

നീണ്ട ആശുപത്രിവാസം

രണ്ടുപേരാണ് ഏപ്രിൽ 23ലെ ദുരന്തത്തിൽ മരിച്ചത്. മകനും ദുരന്തത്തിനിരയായി എന്നുമാത്രമേ വിനോദിന്റെ അമ്മ ഉഷ അറിഞ്ഞുള്ളൂ. മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിയെങ്കിലും ആ അമ്മയ്ക്ക് മകനെ തിരിച്ചറിയാൻ കഴിഞ്ഞില്ല.വിനാേദിന്റെ ശരീരം ആ നിലയിലായിരുന്നു. പലപ്പോഴും ഓക്സിജന്റെ സപ്പോർട്ടോടെയായിരുന്നു ജീവനെ പിടിച്ചുനിറുത്തിയത്.ദുരന്തത്തിനിരയായി അറുപതുശതമാനത്തോളം മാത്രം പൊള്ളലേറ്റ രണ്ടുപേർമരിച്ചതോടെ വിനോദിൽ പ്രതീക്ഷ വേണ്ടെന്ന സൂചന ഡോക്ടർമാർ ബന്ധുക്കൾക്ക് നൽകി. മകന്റെ അവസ്ഥകണ്ട് ഭയക്കുമെന്ന് പേടിച്ച് അമ്മയെപ്പോലും വിനോദിന്റെ അടുത്തേക്ക് വിട്ടില്ല. കൂട്ടുനിൽക്കുന്നവരുടെ കണ്ണുതെറ്റിയാൽ പാറ്റയും ഉറുമ്പും ആ ശരീരത്തെ പൊതിയാൻ ഓടിയെത്തിയിരുന്നു. ശരീരത്തോട് ചേർന്ന് കൈകൾ കെട്ടിയിരുന്നതിനാൽ അവയെ ആട്ടിയകറ്റാൻപോലും വിനോദിന് കഴിഞ്ഞിരുന്നില്ല.

ഇതിനിടെ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് വിനോദ് പതിയെ ജീവിതത്തിലേക്ക് തിരികെവരിയായിരുന്നു. ഫിസിയോ തെറ്റാപ്പിയും ശസ്ത്രക്രിയകളുമായി മാസങ്ങളാണ് വിനോദ് മെഡിക്കൽ കോളേജിൽ കഴിഞ്ഞത്. വീട്ടിലെത്തിയ വിനോദ് മുറിക്കുപുറത്തിറങ്ങാൻപോലും മടിച്ചു. ഇതിനിടെ കാണാനെത്തിയ ചിലർ തന്റെ രൂപവും അവസ്ഥയും കണ്ട് ഇതിനെക്കാൾ മരിച്ചുപോകുന്നതാണ് നല്ലതെന്ന് പറഞ്ഞത് വിനോദ് ഇപ്പോഴും ഓർക്കുന്നു. ഇനി ജീവിതത്തിലേക്ക് തിരിച്ചുവരവില്ലെന്നുതന്നെ അവർ ഉറപ്പിച്ചു.

മരണത്തെ തോൽപ്പിച്ചതോടെ ജീവിതം തിരിച്ചുപിടിക്കാൻ കഴിയുമെന്ന തോന്നൽ വിനോദിലുണ്ടായിത്തുടങ്ങി. വഴങ്ങാത്ത കൈകാലുകൾകൊണ്ട് എന്തുചെയ്യാനെന്ന ചിന്ത വീണ്ടും പിന്നോട്ടുവലിച്ചു. അങ്ങനെയിരിക്കെയാണ് പ്രശസ്തമായ ഒരു പിഎസ്‌സി പരീശീലന സ്ഥാപത്തിന്റെ വീഡിയോ യു ട്യൂബിൽ കണ്ടത്. അതായിരുന്നു പ്രചോദനം. പഠിച്ചുതുടങ്ങി. പക്ഷേ ഒട്ടുംവഴങ്ങാത്ത കൈകൾകൊണ്ട് എങ്ങനെ പരീക്ഷ എഴുതും. എങ്ങനെയും അത് നേടുമെന്ന് വിനോദ് ഉറപ്പിച്ചു. പേന പിടിക്കാൻ പഠിക്കുക അതികഠിനമായിരുന്നു എന്നാണ് വിനോദ് പറയുന്നത്. വിരലുകൾക്കിടയിൽ പേന തിരുകി പിഎസ്‌സി ഉത്തരക്കടലാസിലെ ബബിളുകൾ കറുപ്പിക്കുക തീർത്തും അസാദ്ധ്യമായിരുന്നു. ഒന്നോ രണ്ടേ എണ്ണം കറുപ്പിക്കുമ്പോൾ കഠിനമായ തലവേദനവരും. പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷേ, നാളുകൾ കഴിഞ്ഞപ്പോൾ അതും വിനോദിന് വഴങ്ങി. ഇതിനിടെ പിഎസ്‌സി പരീക്ഷകൾക്ക് അപേക്ഷിച്ചുതുടങ്ങി.

vinod
വിനാേദ് അമ്മയോടൊപ്പം

അച്ഛൻ ജോലിക്കുപോകും.വിവാഹം കഴിഞ്ഞ സഹോദരി മറ്റൊരിടത്താണ് താമസം. അമ്മയെയും കൂട്ടിയായിരുന്നു വിനോദ് പരീക്ഷ എഴുതാൻ പോയിരുന്നത്. പുറത്തിറങ്ങുമ്പോൾ കാണുന്നവർ അമ്പരപ്പോടെയാണ് നോക്കിയിരുന്നത്. അതൊന്നും കാര്യമാക്കിയില്ല. എല്ലാമെല്ലാമായ അമ്മയെ ഒപ്പം കൂട്ടുമ്പോൾ വല്ലാത്തൊരു ധൈര്യവും ആശ്വാസവുമാണെന്നാണ് വിനോദ് പറയുന്നത്. പകരം ആളെവച്ച് പരീക്ഷ എഴുതാനാവുമെന്ന് ജോലികിട്ടിക്കഴിഞ്ഞതിനുശേഷമാണ് വിനോദ് മനസിലാക്കിയതുതന്നെ. ജോലികിട്ടിയ പരീക്ഷയിൽ മുഴുവൻ ഉത്തരങ്ങളും അറിയാമായിരുന്നു. പക്ഷേ, കറുപ്പിക്കാനായത് എഴുപതെണ്ണം മാത്രം. പക്ഷേ ഭാഗ്യം വിനോദിനൊപ്പമായിരുന്നു. ജോലികിട്ടിക്കഴിഞ്ഞപ്പോൾ ആത്മവിശ്വാസം കൂടി.

വർഷങ്ങളോളം തന്റെ നിഴലായി ഒപ്പമുണ്ടായിരുന്ന അമ്മയെ കുറച്ചുമണിക്കൂറെങ്കിലും പിരിയേണ്ടിവരുന്നതായിരുന്നു ജോലികിട്ടിയ ആദ്യദിവസങ്ങളിലെ പ്രധാന വിഷമം. പതിയെ അത് മാറി. ഇപ്പോൾ ജുഡീഷ്യൽ ഡിപ്പാർട്ടുമെന്റിൽ എൽഡി ക്ളർക്കാണ്. അടുത്തിടെ ഭിന്നശേഷിക്കാർക്കുള്ള സ്കൂട്ടർ ഓടിക്കാനും പഠിച്ചു. ഇപ്പോൾ അതിലാണ് യാത്ര. ഓഫീസിലെത്തിയാൽ സഹപ്രവർത്തകരാണ് എല്ലാസഹായവും നൽകുന്നത്. ശരിക്കും സഹോദരങ്ങളെപ്പോലെയാണ് അവർ പെരുമാറുന്നതെന്നാണ് വിനോദ് പറയുന്നത്. എല്ലാം കഴിഞ്ഞെന്ന് കരുതിയിടത്തുനിന്നുള്ള തിരിച്ചുവരവ് ദൈവം തന്നെ ബോണസായാണ് വിനോദ് കാണുന്നത്. ദൈവത്തിനോടും ഒപ്പം നിന്നവരോടും നന്ദിപറയാൻ വാക്കുകൾ മതിയാവില്ലെന്നാണ് വിനോദ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VINOD, FIRE, FIREWORK ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA