SignIn
Kerala Kaumudi Online
Saturday, 07 November 2026 10.29 PM IST

പുത്തൻ സ്‌മാർട്‌‌ഫോണുകളൊന്നും വേണ്ട, പഴയത് തന്നെ മതി, ഇന്ത്യൻ ഉപഭോക്താക്കളുടെ തീരുമാനത്തിൽ വിൽപന ഇടിഞ്ഞത് 26 ശതമാനം

smartphone-sale
പ്രതീകാത്മക ചിത്രം

കിഡ്‌നി വിറ്റിട്ടായാലും പുത്തൻ ഫോൺ വാങ്ങണം എന്നുള്ള തമാശ ഇന്ത്യക്കാരുടെ സ്‌മാർട്‌ഫോൺ കമ്പത്തെ സൂചിപ്പിക്കാൻ നാളുകളായി ഉപയോഗിക്കാറുണ്ട്. ഏത് പുതിയ മോഡൽ ഫോൺ വന്നാലും അത് വാങ്ങി പ്രദർശിപ്പിക്കുന്ന സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ വരെ നമുക്ക് ചുറ്റുമുണ്ട്. എന്നാൽ ഇപ്പോൾ ഈ വർഷത്തെ മൂന്നാം പാദത്തിൽ സ്‌മാർട്‌ഫോൺ വിൽപന കഴിഞ്ഞ പത്ത് വർഷത്തിത്തെ കണക്ക് നോക്കിയാൽ ഏറ്റവും താഴ്‌ന്ന നിലയിലേക്കെത്തി എന്നാണ് പുതിയ വിവരം. ജൂലൈ മുതൽ സെ‌പ്‌തംബർ വരെയുള്ള ത്രൈമാസ കണക്ക് പ്രകാരം 35.8 മില്യൺ സ്‌മാർട്ഫോണുകളാണ് വിറ്റുപോയത്. മുൻവർഷത്തെക്കാൾ 26 ശതമാനത്തിന്റെ കുറവ്.

രാജ്യത്താകെ ഓൺലൈനായും ഓഫ്‌ലൈനായും വിൽപന തകർക്കുന്ന ഉത്സവസീസണായിട്ടും വിൽപന ഇടിഞ്ഞു. വിലക്കയറ്റവും ജനങ്ങൾ ചെലവഴിക്കുന്നതിൽ വന്ന കുറവുമാണ് വിൽപന ഇങ്ങനെ ഇടിയാൻ കാരണം. മിക്ക കമ്പനികളും സ്‌മാർട്‌ഫോണുകൾക്ക് ബേസ് മോഡൽ മുതൽ വില കുത്തനെ വർദ്ധിപ്പിച്ചിരുന്നു. ഈ പ്രശ്‌നം കാരണം ഉപയോഗിക്കുന്ന ഫോൺ തന്നെ കുറവുകൾ പരിഹരിച്ച് ഉപയോഗിച്ചാൽ മതിയെന്ന് സാധാരണക്കാർ തീരുമാനിച്ചു. വിവിധ കമ്പനികളുടെ വിൽപനയിലെ മാറ്റം ചുവടെ.

സാംസംഗ്: 2024ലെ ആദ്യ പാദത്തിന് ശേഷം ആദ്യമായി സാംസംഗ് വിപണിയിൽ വിൽപനയിൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. സാംസംഗ് ഗാലക്‌സി എ07, എ17, എ27 എന്നിങ്ങനെ സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള ഫോണുകളാണ് വിൽപനയിൽ മുന്നിൽ. പ്രീമിയം വിഭാഗത്തിൽ എസ്26 സീരീസ്, ഇസഡ് ഫോൾഡബിൾ ഫോണുകൾ, എസ്26എഫ്‌ഇ മോഡലുകളാണ് മുന്നിലെത്തിയത്. വിവിധ ഫിനാൻസ് പ്‌ളാനുകൾ, എക്‌സ്‌ചേഞ്ച് ഓഫറുകൾ, ബാങ്ക് ക്യാഷ്‌ബാക്ക് ഓഫറുകൾ എന്നിവ കാരണമാണ് സാംസംഗ് മുന്നിലെത്തിയത്.

വിവോ: ചൈനീസ് കമ്പനിയായ വിവോയുടെ വിൽപന 34 ശതമാനമാണ് ഇടിഞ്ഞത്. ആകെ 6.4 മില്യൺ യൂണിറ്റുകളാണ് വിൽപന. ആദ്യ അഞ്ച് സ്ഥാനത്തുള്ളതിൽ ഏറ്രവും അടിയേറ്റത് വിവോയ്‌ക്കാണ്. വിലവർദ്ധന വരുത്തിയതോടെയാണ് കുത്തനെ വിൽപന ഇടിഞ്ഞത്.

ഒപ്പോ: 4.9 മില്യൺ യൂണിറ്റാണ് ഒപ്പോ വിൽപന നടന്നത്. പ്രതിവർഷ വിൽപനയിലുണ്ടായ താഴ്‌ച 24 ശതമാനമാണ്. ഒപ്പോ എ സീരീസ്‌ഫോണുകൾക്ക് വില വർദ്ധിച്ചതും വിൽപനക്കാർ അവ വാങ്ങാൻ വിസമ്മതിച്ചതും വിൽപനയെ ബാധിച്ചു.

റെഡ്‌മി: ഘടകഭാഗങ്ങളുടെ വിലവർദ്ധനയും ഹാർഡ്‌വെയർ സജ്ജീകരണങ്ങളിൽ കമ്പനി വിട്ടുവീഴ്‌ച ചെയ്‌‌തതും റെഡ്‌മിയെ പരമ്പരാഗത ഉപഭോക്താക്കൾ കൂട്ടത്തോടെ കൈയൊഴിയാൻ കാരണമായി. 4.7 മില്യണാണ് വിൽപന. 28 ശതമാനത്തിന്റെ ഇടിവ്. എൻട്രി ലെവൽ ഫോണുകളായ 15എ, എ7 എന്നിവയാണ് വിൽപനയിൽ മുന്നിട്ട് നിന്നത്. റെഡ്‌മി നോട്ട് 17 സീരീസ്, പോകോ എക്‌സ്8 എന്നിവയും നല്ല വിൽപന രേഖപ്പെടുത്തി.


ആപ്പിൾ: 3.9 മില്യൺ ഫോണുകളാണ് ആപ്പിളിന്റേതായി വിറ്റത്. ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകളെക്കാൾ ഐഫോൺ17, 16 മോഡലുകളാണ് ജനങ്ങൾ വാങ്ങിയത്.

രണ്ട് വർഷത്തിനകം ഐഫോൺ പോലെ ഇന്ത്യൻ നിർമ്മിത സ്‌മാർട്‌ഫോൺ വിപണിയിലെത്തുമെന്നതിനാലും എത്രയുംവേഗം ഇന്ത്യയിൽ തന്നെ ഫോൺ നിർമ്മിക്കാൻ വമ്പൻ കമ്പനികൾ പദ്ധതിയിടുന്നുണ്ട്.

English Summary

Smartphone sales in the third quarter of this year fell to their lowest level in the past decade. A total of 35.8 million smartphones were sold between July and September, marking a 26% decline compared with the same period last year.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SMARTPHONE USE, SALES, DECREASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE