അമ്പലപ്പുഴ: നഴ്സുമാരെ അപമാനിക്കുന്ന വിധത്തിൽ ബി.ജെ.പി എം.പി കങ്കണ റണൗട്ട് നടത്തിയ പരാമർശം അങ്ങേയറ്റം അപലപനീയമാണെന്ന് അഖിലേന്ത്യാ മഹിളാസാംസ്‌കാരിക സംഘടന പ്രസ്താവനയിൽ പറഞ്ഞു. നഴ്സിംഗ് ഏറ്റവും കൂടുതൽ ലൈംഗികവത്കരിക്കപ്പെട്ട ജോലിയാണെന്നും അവരുടെ യൂണിഫോം ബ്രിട്ടീഷ് കാലത്തേതാണെന്നുമുള്ള പരാമർശം അവഹേളനപരവും ആ മേഖലയിൽ തൊഴിൽ ചെയ്യുന്ന മുഴുവൻ സ്ത്രീകൾക്കും അപമാനകരവുമാണ്. രാജ്യത്തെവിടെയും ആരോഗ്യ മേഖലയുടെ അടിസ്ഥാന ശിലയായി പ്രവർത്തിക്കുന്ന നഴ്സുമാരെ മാലാഖമാരായാണ് സമൂഹം കാണുന്നത്. എന്നാൽ അവർ അനുഭവിക്കുന്ന തൊഴിൽപരമായ ചൂഷണങ്ങൾ വിവരണാതീതമാണ്. തന്റെ അധികാരവും ഭരണഘടനാ പദവിയും ഉപയോഗിച്ചു നഴ്സിംഗ് മേഖലയിൽ പണിയെടുക്കുന്ന പാവപ്പെട്ട സ്ത്രീകൾക്ക് മാന്യമായ കൂലിയും സേവന വ്യവസ്ഥകളും ഉറപ്പാക്കേണ്ടതിനു പകരം അവരെ അവഹേളിച്ച അവർക്ക് ആ പദവിയിൽ ഇരിക്കാൻ യാതൊരു അർഹതയും ഇല്ല. നഴ്‌സുമാരെ മാത്രമല്ല സ്ത്രീകളെയാകെ അപമാനിക്കുന്ന വിധത്തിൽ കങ്കണ നടത്തിയ പരാമർശങ്ങൾ ഉടൻ തന്നെ പിൻവലിച്ച് മാപ്പ് പറയണമെന്ന് എ.ഐ.എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് എസ്. സൗഭാഗ്യകുമാരിയും സെക്രട്ടറി കെ.എം.ബീവിയും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |