കോലഞ്ചേരിയിൽ പാചകവാതക വിതരണം താറുമാറ്; പ്രതിഷേധം,​ ഗ്യാസ് ഏജൻസി ഓഫീസ് അടച്ചുപൂട്ടി

Sunday 24 May 2026 1:59 AM IST

കോലഞ്ചേരി: പാചകവാതക വിതരണം താറുമാറായതോടെ കോലഞ്ചേരി മേഖലയിൽ നൂറുകണക്കിന് ഉപഭോക്താക്കൾ ദുരിതത്തിലായി. സിലിണ്ടർ ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണെന്ന് പരാതിപ്പെടുന്ന ഉപഭോക്താക്കൾ, ഭാരത് ഗ്യാസിന്റെ ഏജൻസി ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തി. ശനിയാഴ്ച രാവിലെ ഉപഭോക്താവും ജീവനക്കാരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ജീവനക്കാർ ഓഫീസ് അടച്ചുപൂട്ടി പോയതോടെ സ്ഥിതി കൂടുതൽ സംഘർഷഭരിതമായി.

ഫോൺ വഴി ഗ്യാസ് ബുക്ക് ചെയ്തിട്ടും 40 മുതൽ 45 ദിവസം വരെ കഴിഞ്ഞാണ് സിലിണ്ടർ ലഭിക്കുന്നതെന്നാണ് ഉപഭോക്താക്കളുടെ പരാതി. വീടുകളിലെത്തിച്ചിരുന്ന ഗ്യാസ് വിതരണം പല ഭാഗങ്ങളിലും കാര്യക്ഷമമല്ലാതായതോടെ ഉപഭോക്താക്കൾ നേരിട്ട് ഏജൻസി ഓഫീസിലെത്തി ടോക്കൺ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

അതിരാവിലെ എത്തി ടോക്കൺ എടുത്ത ശേഷം വീണ്ടും 11 മണിയോടെ ഓഫീസിൽ എത്തി പണം അടച്ചതിനു ശേഷം വാഹനവുമായി ഗോഡൗണിൽ പോകുന്നവർക്കാണ് സിലിണ്ടർ നൽകുന്നത്. പ്രായമായവർ മാത്രമുള്ള വീടുകൾക്കും ദിവസവും ജോലിക്ക് പോകുന്ന തൊഴിലാളികൾക്കും ഈ രീതി വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു.

ശനിയാഴ്ച രാവിലെ സിലിണ്ടർ ലഭിക്കാനായി എത്തിയ യുവാവും ജീവനക്കാരും തമ്മിലാണ് ആദ്യം വാക്കുതർക്കമുണ്ടായത്. 'രണ്ട് ദിവസമായി ക്യൂവിൽ നിൽക്കുകയാണ്. ഇതുമൂലം സ്വകാര്യ സ്ഥാപനത്തിലെ ജോലി പോലും നഷ്ടപ്പെട്ടു. ഇന്നെങ്കിലും സിലിണ്ടർ ലഭിക്കണം' എന്നാവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പ്രതിഷേധം. തുടർന്നുണ്ടായ തർക്കത്തിനുശേഷം ജീവനക്കാർ ഓഫീസ് ഷട്ടർ അടച്ച് മടങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ നൂറുകണക്കിന് ആളുകൾ അടഞ്ഞ ഓഫീസിന് മുന്നിൽ കാത്തുനിന്നു.

പാചകവാതക വിതരണം സാധാരണ നിലയിലാക്കാൻ ബന്ധപ്പെട്ട എണ്ണക്കമ്പനികളും സിവിൽ സപ്ലൈസ് വകുപ്പും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്. വിതരണം തടസപ്പെട്ടതിന്റെ യഥാർത്ഥ കാരണം വ്യക്തമാക്കുകയും വീടുകളിലെത്തിക്കുന്ന സേവനം പുനരാരംഭിക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.