അങ്കമാലിയിൽ തെരുവുനായ ആക്രമണം: അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷം

Monday 25 May 2026 12:59 AM IST

അങ്കമാലി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം 13 പേർക്കാണ് നായയുടെ കടിയേറ്റത്. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത് ആശങ്ക വർദ്ധിപ്പിക്കുന്നു. കിഴക്കേ പള്ളി, ബസലിക്ക, ഭീമ ജ്വല്ലറി, ജോസ്‌പുരം, പാലിയേക്കര, നസ്രത്ത് നഗർ, റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവിടങ്ങളിലാണ് ആക്രമണമുണ്ടായത്. ബെത്‌ലഹേം ഹോസ്റ്റലിലെ വിദ്യാർത്ഥി, ഓട്ടോയിൽ യാത്ര ചെയ്ത സ്ത്രീ, ഹരിതകർമ്മസേനാംഗം എന്നിവർക്കും കടിയേറ്റു. വിവരമറിയാനെത്തിയ നഗരസഭ മുൻ വൈസ് ചെയർമാൻ ബിജു പൗലോസ് കഷ്ടിച്ചാണ് രക്ഷപെട്ടത്. അങ്കമാലി മാർക്കറ്റിലും കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും നായകൾ തമ്പടിക്കുന്നത് പതിവായിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്നും കടിയേറ്റവരുടെ ചികിത്സാ ചെലവ് നഗരസഭ വഹിക്കണമെന്നും എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി നേതാവ് ടി.വൈ. ഏല്യാസ്, സെക്രട്ടറി ഗ്രേസി ദേവസി, സ്ഥിരം സമിതി അദ്ധ്യക്ഷ വിനീത ദിലീപ് എന്നിവർ ആവശ്യപ്പെട്ടു.