
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പേട്ടയിൽ നിന്ന് എസ്.എൻ. ജംഗ്ഷനിലേക്ക് പോകുന്ന പ്രധാന റോഡിൽ, മെട്രോ പില്ലർ നമ്പർ 998ന് സമീപം നടപ്പാതയിലെ മാൻഹോൾ സ്ലാബുകൾ തകർന്നു വീണത് കാൽനട യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. ഹോണ്ട ഷോറൂമിനോട് ചേർന്നുള്ള ഭാഗത്ത് മൂന്ന് സ്ലാബുകൾ തകർന്നതോടെ മാൻഹോളുകൾ തുറന്ന നിലയിലാണ്.
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ നിത്യേന അനേകം പേർ സഞ്ചരിക്കുന്ന പ്രധാന നടപ്പാതയാണിത്. അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകാത്തതിനെ തുടർന്ന് സാമൂഹിക പ്രവർത്തകനായ സൂപ്പി കാഞ്ഞിരമറ്റം അപകടാവസ്ഥയിലായ മാൻഹോളിന് സമീപം ഇരുന്ന് പ്രതിഷേധിച്ചു. തൃപ്പൂണിത്തുറ പേട്ട–എസ്.എൻ. ജംഗ്ഷൻ റോഡിന്റെ ഈ ഭാഗം വ്യാപാര സ്ഥാപനങ്ങൾ നിറഞ്ഞ തിരക്കേറിയ മേഖലയുമാണ്. പ്രതിഷേധത്തിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കല്ലുകളും മറ്റ് സാമഗ്രികളും ഉപയോഗിച്ച് മാൻഹോളുകൾ താത്കാലികമായി സുരക്ഷിതമാക്കി. ഗുണനിലവാരമില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളാണ് സ്ലാബുകൾ തകരാൻ കാരണമെന്ന ആരോപണമുണ്ട്. വിഷയത്തിൽ മെട്രോ അതോറിട്ടിയെ സമീപിക്കുമെന്ന് സൂപ്പി കാഞ്ഞിരമറ്റം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |