പീരുമേട്: ശബരിമല മണ്ഡലകാലം തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോഴും മുന്നൊരുക്കങ്ങൾ ഇനിയും പൂർണതയിൽ എത്തിയിട്ടില്ല. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനായി വിവിധ മേഖലതല യോഗങ്ങൾ പഞ്ചായത്ത് കേന്ദ്രീകരിച്ച് ചേർന്നെങ്കിലും പ്രവർത്തനം പാതിവഴിയിലാണ്. തീർത്ഥാടകരുടെ പ്രധാനപ്പെട്ട ഇടത്താവളമായ സത്രം വഴി കഴിഞ്ഞ വർഷം ഒരു ലക്ഷത്തോളം ഭക്തർ കാനനപാതയിലൂടെ ദർശനം നടത്തിയിരുന്നു. ഇത്തവണയും അതിൽ കൂടുതൽ തീർത്ഥാടകർ എത്തും എന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
റോഡുകളുടെ അറ്റകുറ്റപ്പണികളും എങ്ങും എത്തിയിട്ടില്ല. വണ്ടിപ്പെരിയാർ അരണക്കൽ സത്രം റോഡിന്റെ സ്ഥിതി വളരെ ദയനീയമാണ്. റോഡ് കുത്തിപ്പൊളിച്ച് ഇട്ടിരിക്കുന്നത് ഇപ്പോഴും അറ്റകുറ്റപ്പണികൾ നടത്താൻ കഴിഞ്ഞിട്ടില്ല. റോഡിലെ പല ഭാഗങ്ങളിൽ ഇപ്പോഴും പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്നു. ഇവിടങ്ങളിൽ മണ്ഡലകാലത്ത് അപകടങ്ങൾ ഉണ്ടാകുന്നതും പതിവാണ്.
റോഡ് അറ്റകുറ്റപ്പണി
ഒന്നുമായില്ല
ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപണികൾ തീർക്കാത്തത് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. സത്രത്തിലെത്തുന്ന തീർത്ഥാടകർക്ക് വാഹനപാർക്കിംഗ്, വിരിവെക്കാനുള്ള സൗകര്യം, ശൗചാലയങ്ങളുടെ നിർമ്മാണം ഹോട്ടലുകളുടെ നിർമ്മാണം, കുടിവെള്ള വിതരണം എന്നിവയും ആരംഭിച്ചിട്ടില്ല. ദേവസ്വം ബോർഡിന്റെ കീഴിൽ ആവശ്യത്തിന് സ്ഥലം സത്രത്തിൽ ഉണ്ടായിട്ടും പാർക്കിംഗിനായി പ്രയോജനപ്പെടുത്താൻ തയ്യാറാകുന്നില്ല. ഇതിന് പകരം പഞ്ചായത്ത് വാളാടിയിൽ എച്ച്.എം.എൽ എസ്റ്റേറ്റ് അനുവദിച്ച സ്ഥലമാണ് നിലവിൽ വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്നത്. സത്രത്തിലെ ദേവസ്വം ബോർഡ് ഭൂമി തീർത്ഥാടകർക്ക് ഇടത്താവളമായി ഉപയോഗിക്കുന്നതിനും വാഹന പാർക്കിങ്ങിനും ഉപയോഗിക്കുകയാണെങ്കിൽ വളരെ സൗകര്യമായിരിക്കും. ദേവസ്വം ഭൂമി ഇതിനായി ഉപയോഗപ്പെടുത്തണം എന്നുള്ളത് ശബരിമല തീർത്ഥാടകരുടെ ദീർഘനാളായുള്ള ആവശ്യമാണ്. വണ്ടിപ്പെരിയാറിലെ ദേശീയപാതയിൽ ഗതാഗതകുരുക്ക് ഒഴിവാക്കാനും ഇതുവഴി കഴിയും. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് തീർത്ഥാടനത്തിനുമുമ്പേ ഉചിതമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |