SignIn
Kerala Kaumudi Online
Tuesday, 09 June 2026 4.27 PM IST

ജില്ലാ ആശുപത്രിയിലെ കുടിവെള്ള പ്രശ്നം: ജല അതോറിറ്റി പ്രധാന ലൈനിൽ നിന്ന് നേരിട്ട് വെള്ളമെത്തിക്കാൻ നിർദ്ദേശം

collector-
ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മേയര്‍ അഡ്വ. പി ഇന്ദിര,അഡ്വ ടി ഒ മോഹനന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍, ഡെപ്യൂട്ടി മേയര്‍ കെ പി താഹിര്‍ തുടങ്ങിയവര്‍

കണ്ണൂർ: ജില്ലാ ആശുപത്രി സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് നഗരത്തിലെ വാട്ടർ ടാങ്കിൽ നിന്ന് കുടിവെള്ള പൈപ്പ് ലൈൻ വലിക്കുന്ന വിഷയത്തിൽ പ്രശ്നപരിഹാരത്തിന് നിർദ്ദേശമായി. ജല അതോറിറ്റിയുടെ നഗരത്തിലേക്കുള്ള പ്രധാന ലൈനിൽ നിന്നുതന്നെ പുതിയ ലൈൻ വഴി ആശുപത്രിയിലേക്ക് വെള്ളമെത്തിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ജല അതോറിറ്റിയെ ചുമതലപ്പെടുത്താൻ ഇന്നലെ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് വിളിച്ചു ചേർത്ത യോഗത്തിൽ ധാരണയായി.

കഴിഞ്ഞ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് കണ്ണൂർ കോർപ്പറേഷനും ജില്ലാ പഞ്ചായത്തും തമ്മിലുള്ള പോരിനാണ് ഇതോടെ താൽക്കാലിക ശമനമായത്. കോർപ്പറേഷൻ റോഡ് വെട്ടിപ്പൊളിച്ച് പഴയ സംഗീത ടാക്കീസിന്റെ സ്ഥലത്തെ വാട്ടർ ടാങ്കിൽ നിന്ന് ലൈൻ വലിക്കുന്നത് തീരപ്രദേശങ്ങളിലെ ജനങ്ങളെ ബാധിക്കുമെന്ന് മേയർ അഡ്വ. പി. ഇന്ദിര കഴിഞ്ഞദിവസം കോർപറേഷന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യനും രംഗത്തെത്തി. ജില്ലാ ആശുപത്രി ജില്ലാ പഞ്ചായത്തിന്റേത് മാത്രമല്ലെന്നും ജനങ്ങളെ ബാധിക്കുന്ന വിഷയത്തിൽ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജില്ല പഞ്ചായത്തിന് സാധ്യമല്ലെങ്കിൽ ജില്ലാ ആശുപത്രി കോർപ്പറേഷന് വിട്ടു തന്നേക്ക് എന്നായിരുന്നു ഇതിന് മറുപടിയായി മേയർ പ്രതികരിച്ചത്.

പരസ്യപ്പോര് തുടരുന്നതിനിടെയാണ് ജില്ലാ കളക്ടർ മുൻകൈയെടുത്ത് പ്രശ്നപരിഹാരത്തിനായി ഇന്നലെ മേയർ അഡ്വ. പി ഇന്ദിര, അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ബി.ഒ പ്രശാന്ത് കുമാർ എന്നിവരുൾപ്പെടെ യോഗം വിളിച്ചു ചേർത്തത്.

യോഗത്തിൽ ഡെപ്യൂട്ടി മേയർ കെ.പി താഹിർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന, അസിസ്റ്റന്റ് കളക്ടർ എസ്.സ്വാതി, ജല അതോറിറ്റി, കേരള റോഡ് ഫണ്ട് ബോർഡ്, പ്ലാനിംഗ് ബോർഡ്, കണ്ണൂർ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

തട്ടില്ലാതെ പുതിയ വഴി
പ്രഭാത് ജംഗ്ഷനിലെ വാട്ടർ അതോറിറ്റിയുടെ പ്രധാന ലൈനിൽ നിന്ന് ആശുപത്രിയിലേക്ക് വെള്ളം എത്തിക്കാനുള്ള സാദ്ധ്യതയും തേടും. സംഗീത ടാക്കീസ് സ്ഥലത്തെ ടാങ്കിനെ ബാധിക്കില്ല. കന്റോൺമെന്റ് പരിധിയിൽ വരാതെ ആശുപത്രിയിലേക്ക് വെള്ളം എത്തിക്കാൻ കഴിയുമോ എന്നാകും മുഖ്യമായി പരിശോധിക്കുക.

സംഗീത ടാക്കീസ് ടാങ്കിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളം ആ പ്രദേശത്തെ ജനങ്ങൾക്ക് തന്നെ തികയാത്ത അവസ്ഥയുണ്ട്. ആശുപത്രിയിലേക്ക് വെള്ളം വേണം എന്നതിൽ തർക്കമില്ല. എന്നാൽ ആശുപത്രിക്ക് കുടിവെള്ളം എടുക്കേണ്ട നില വന്നാൽ, ജനത്തിന്റെ കുടിവെള്ളം മുട്ടരുത്.

മേയർ അഡ്വ. പി.ഇന്ദിര

എം.എൽ.എ ടി.ഒ മോഹനൻ

ആശുപത്രിയിലേക്ക് നിലവിലുള്ള ജലവിതരണം മേലേചൊവ്വയിൽ നിന്നുള്ള വീതി കുറഞ്ഞ പൈപ്പ്‌ലൈൻ വഴിയാണ്. ഇത് മാത്രം ആശ്രയിക്കാനാവില്ല. സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ദിവസം രണ്ടു ലക്ഷം ലിറ്റർ മുതൽ രണ്ടരലക്ഷം ലിറ്റർ വരെ വെള്ളം വേണം എന്നാണ് കണക്കാക്കുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL