SignIn
Kerala Kaumudi Online
Saturday, 07 November 2026 9.26 AM IST

വഴി മുടക്കി വാട്ടർ അതോറിറ്റി: കുഴിയെടുത്ത് മൂടിയ റോഡ് വീണ്ടും കുത്തിപ്പൊളിച്ചു

road
ഗതാഗതയോഗ്യമാക്കിയ റോഡ് കുത്തിപൊളിച്ച നിലയിൽ

തലശ്ശേരി: മൂന്ന് മാസം മുമ്പ് പൈപ്പിടാനായി കുഴിയെടുത്ത് മൂടി കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കിയ റോഡ് വീണ്ടും കുത്തിപ്പൊളിച്ച് വാട്ടർ അതോറിറ്റി. തലശ്ശേരി ടി.സി മുക്കിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കും എം.എൽ.എ ഓഫീസിലേക്കും പോകുന്ന പ്രധാന റോഡിലാണ് വാട്ടർ അതോറിറ്റി വീണ്ടും കുഴിയെടുത്തത്. യാതൊരു മുന്നറിയിപ്പുമില്ലാതെയുള്ള നടപടിക്കെതിരെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്തെത്തി.

മൂന്ന് മാസം മുമ്പ് ഇതേ റോഡിൽ നീളത്തിൽ കുഴിയെടുത്തിരുന്നു. തുടർന്ന് അറ്റകുറ്റപ്പണികൾ നടത്തി കോൺക്രീറ്റ് ചെയ്ത് ഗതാഗതത്തിനായി തുറന്നുകൊടുത്തിരുന്നു. എന്നാൽ അധികം വൈകാതെ വീണ്ടും റോഡ് കുഴിച്ചുതുടങ്ങിയതോടെ വ്യാപാരികളും കാൽനടയാത്രക്കാരും ഒരുപോലെ ദുരിതത്തിലായി.
റോഡ് കുഴിച്ചതോടെ സമീപത്തെ കടകളിലേക്കുള്ള പ്രവേശനത്തിനും ബുദ്ധിമുട്ട് നേരിടുകയാണ്. ഇതോടെ വ്യാപാരികൾ സംഘടിച്ച് സ്ഥലത്തെത്തി പ്രവൃത്തി തടഞ്ഞു.

ഏതെല്ലാം ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടിയതെന്നോ അറ്റകുറ്റപ്പണി ആവശ്യമായതെന്നോ വ്യക്തമായി പരിശോധിക്കാതെയാണ് യാതൊരു പ്രശ്നവുമില്ലാത്ത ഭാഗങ്ങളിൽ പോലും കുഴിയെടുക്കുന്നതെന്നാണ് വ്യാപാരികളുടെ ആരോപണം. നേരത്തെ ലക്ഷങ്ങൾ ചെലവഴിച്ച് പൈപ്പിടുകയും റോഡ് പുനർനിർമ്മിക്കുകയും ചെയ്തിട്ടും വീണ്ടും ഇതേ രീതിയിൽ കുഴിയെടുക്കേണ്ടി വരുന്നത് അധികൃതരുടെ ഏകോപനമില്ലായ്മയാണ് വ്യക്തമാക്കുന്നതെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

കാൽനട യാത്ര

കട വരാന്തയിലൂടെ

റെയിൽവേ സ്റ്റേഷനിലേക്കും എം.എൽ.എ ഓഫീസിലേക്കും ദിവസേന നിരവധി യാത്രക്കാരും പൊതുജനങ്ങളും നടന്നുപോകുന്ന പ്രധാന പാതയാണിത്. നിലവിൽ യാത്രക്കാർ സമീപത്തെ ചിക്കൻ കടയുടെ വരാന്തയിലൂടെയാണ് കടന്നുപോകുന്നത്. ഇത് അപകടസാദ്ധ്യതയ്ക്കും ഇടയാക്കുന്നുണ്ട്.
പൊതുജനങ്ങൾക്ക് ഏറെ പ്രയോജനപ്പെടുന്ന റോഡിൽ തുടർച്ചയായി കുഴിയെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും പ്രവൃത്തി നടത്തുന്നതിന് മുമ്പ് കൃത്യമായ പരിശോധനയും ആവശ്യമായ മുന്നറിയിപ്പുകളും ഉറപ്പാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.

മുന്നറിയിപ്പുകളൊന്നും നൽകാതെ റോഡ് കുഴിച്ചതിനാൽ വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചു.

ആനന്ദ് ഹോട്ടലുടമ ശാന്ത

നിരവധി യാത്രക്കാരും വാഹനങ്ങളും കടന്നുപോകുന്ന റോഡിൽ വാട്ടർ അതോറിറ്റി വീണ്ടും വീണ്ടും കുഴിയെടുക്കുന്നത് വെല്ലുവിളിയാണ്. നിരവധി ട്രെയിൻ യാത്രക്കാർ പോകുന്ന വഴിയാണിത്.

സാജിദ്, തലശ്ശേരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL