നടുവിൽ: നടുവിൽ പഞ്ചായത്തിലെ ഒഴിവുവന്ന ആശ വർക്കർ തസ്തികയിലെ നിയമനം സംബന്ധിച്ച് ഭരണകക്ഷിയായ യു.ഡി.എഫിലെ കോൺഗ്രസും മുസ്ലിം ലീഗും തമ്മിലുള്ള ഭിന്നത രൂക്ഷമായി. പഞ്ചായത്തിലെ യു.ഡി.എഫ് പരിപാടികൾ ബഹിഷ്‌ക്കരിക്കുന്നതിനു മുസ്ലിം ലീഗ് തീരുമാനിച്ചു. പുതിയതായി രൂപീകരിച്ച ഇരുപതാം വാർഡിൽ ഒഴിവുവന്ന ആശാ വർക്കറുടെ നിയമനം അംഗീകരിക്കുന്നതിനായി കഴിഞ്ഞദിവസം ചേർന്ന ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ലീഗ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല.
വാഹനാപകടത്തിൽ മരണപ്പെട്ട സി.പി.എം അനുഭാവിയുടെ വിധവയ്ക്ക് നിയമനം നൽകുന്നതിനാണ് വാർഡ് മെമ്പർ അടക്കമുള്ളവർ പിന്തുണച്ചത്. എന്നാൽ നടുവിൽ പഞ്ചായത്തിൽ തങ്ങളുടെ പ്രതിനിധികളായി ആശാ വർക്കർമാർ ആരും ഇല്ലാത്തതിനാൽ തങ്ങളുടെ നോമിനിയെ നിയമിക്കണമെന്നായിരുന്നു ലീഗിന്റെ വാദം. ഇതു സംബന്ധിച്ച് യു.ഡി.എഫിൽ ചർച്ച ചെയ്യുകയോ തീരുമാനത്തിൽ എത്തുകയോ ചെയ്തിരുന്നില്ല. ശനിയാഴ്ച നടന്ന ഭരണസമിതി യോഗത്തിൽ അവസാന അജണ്ടയായി ആശാവർക്കർ നിയമനം വച്ചിരുന്നു. വിഷയം ചർച്ചയ്ക്ക് എടുത്തപ്പോൾ അജണ്ട മാറ്റിവെക്കണമെന്ന് പ്രസിഡന്റ് മോളി സജി ആവശ്യപ്പെട്ടെങ്കിലും സി.പി.എം അംഗങ്ങൾ എതിർത്തു. തുടർന്ന് വോട്ടെടുപ്പിലൂടെ തീരുമാനമെടുക്കാം എന്ന് ധാരണയായി. കൈ ഉയർത്തി നടന്ന വോട്ടെടുപ്പിൽ പ്രസിഡന്റ് ഉൾപ്പെടെ കോൺഗ്രസിലെ മൂന്ന് അംഗങ്ങൾ മാത്രമാണ് ആവശ്യത്തെ പിന്തുണച്ചത്. 20 അംഗങ്ങൾ ഉള്ള ഭരണസമിതിയിൽ മുസ്ലിംലീഗിന്റെ മൂന്ന് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. കോൺഗ്രസിലെ ഒരു വിഭാഗവും സി.പി.എം അംഗങ്ങളും അജണ്ട മാറ്റിവയ്ക്കുന്നതിനെ എതിർത്തു. ഇതോടെ മാർക്ക് അടിസ്ഥാനത്തിൽ വായാട്ടുപറമ്പ് സ്വദേശിനിക്ക് നിയമനം നൽകാൻ തത്വത്തിൽ തീരുമാനമായി.
സഹകരണ ബാങ്കിലുമുണ്ട് പ്രശ്നങ്ങൾ
നടുവിൽ സർവീസ് സഹകരണ ബാങ്കിലും കോൺഗ്രസും മുസ്ലിം ലീഗും ചേർന്ന മുന്നണിയാണ് ഭരണം നടത്തുന്നത്. സമാനമായ പ്രശ്നങ്ങൾ ബാങ്കിലും നിലനിൽക്കുന്നുണ്ട്. പഞ്ചായത്തിലെ കേരളോത്സവത്തിലും മറ്റ് ഔദ്യോഗിക പരിപാടികളിലും മുസ്ലിം ലീഗ് പ്രതിനിധികൾ പങ്കെടുക്കാറില്ല. യു.ഡി.എഫിലെ തർക്കം പഞ്ചായത്ത് - ബാങ്ക് ഭരണത്തെ ദോഷകരമായി ബാധിക്കുന്നു. പഞ്ചായത്തിലെ യു.ഡി.എഫ് സംവിധാനം ശക്തമല്ലെന്നാണ് ലീഗിന്റെ ആരോപണം. ഇരിക്കൂർ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള ഗ്രാമ പഞ്ചായത്താണ് നടുവിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |