ചെറുകുടുക്കയിലെ വലിയ കാരുണ്യം ശ്രീഭവനം പദ്ധതിക്ക് ചീമേനിയിൽ തുടക്കം

Monday 25 May 2026 12:11 AM IST
കുടുംബശ്രീ ജില്ലാ മിഷൻ നേതൃത്വം നൽകുന്ന ശ്രീഭവനം ഒരുമയിലുയരും കൂട് പാർപ്പിട നിർമ്മാണ പദ്ധതി നിർമ്മാണ പ്രവൃത്തി കയ്യൂർ ചീമേനി സി ഡി എസ്സിലെ തുറവിൽ, ജില്ലാമിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് ഉദ്ഘാടനം ചെയ്യുന്നു

ചീമേനി: ഭവനരഹിതരായവർക്ക് തലചായ്ക്കാൻ സുരക്ഷിത ഭവനം ഒരുക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ ആവിഷ്കരിച്ച ‘ശ്രീഭവനം - ഒരുമയിലുയരും കൂട്’ പദ്ധതിക്ക് ചീമേനിയിൽ തുടക്കം. ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ആദ്യ വീടിന്റെ തറക്കല്ലിടലും കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ രതീഷ് പിലിക്കോട് നിർവ്വഹിച്ചു. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ വി.കെ. ശോഭന അദ്ധ്യക്ഷത വഹിച്ചു.

കുടുംബശ്രീ അംഗങ്ങൾ തങ്ങളുടെ വീടുകളിൽ സൂക്ഷിക്കുന്ന കുടുക്കകളിൽ നിന്നും വഞ്ചികളിൽ നിന്നും ഒരു ദിവസം കുറഞ്ഞത് ഒരു രൂപ വീതം 100 ദിവസം മാറ്റിവെച്ചാണ് പദ്ധതിക്കായുള്ള ഫണ്ട് സമാഹരിക്കുന്നത്. ഒരു സി.ഡി.എസിലെ ശരാശരി 4,500 അംഗങ്ങളിൽ നിന്ന് മാത്രം ഇത്തരത്തിൽ നാലര ലക്ഷത്തോളം രൂപ കണ്ടെത്താനാകും. ഇതിനുപുറമേ, കാരുണ്യമനസ്സുള്ള സ്പോൺസർമാരിൽ നിന്ന് നിർമ്മാണ സാമഗ്രികളും, വിവിധ തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ സൗജന്യ അദ്ധ്വാനവും ലഭ്യമാക്കിയാണ് വീടുകൾ പൂർത്തിയാക്കുക. സിവിൽ എൻജിനീയർമാരുടെ സന്നദ്ധ സേവനം ഉറപ്പാക്കി ആകർഷകമായ പ്ലാനും ഡിസൈനും സൗജന്യമായി തയ്യാറാക്കി നൽകുന്നതിലൂടെ നിർമ്മാണച്ചെലവ് വലിയ തോതിൽ കുറയ്ക്കാനും സാധിക്കും.

തദ്ദേശ സ്ഥാപനങ്ങൾ അംഗീകരിച്ച ലൈഫ് മിഷൻ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും വിവിധ സാങ്കേതിക മാനദണ്ഡങ്ങളാൽ വീട് ലഭിക്കാതെ പോയവരെയാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്.

ചീമേനിയിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ കെ.എം. കിഷോർ കുമാർ, കയ്യൂർ ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.വി. ജനാർദ്ദനൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പി. രജനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.കെ. ദിവാകരൻ, വാർഡ് മെമ്പർ എ.വി. ലളിത, ബ്ലോക്ക് മെമ്പർ പി.വി. ഷീബ, ബ്ലോക്ക് കോർഡിനേറ്റർ ദിവ്യ, രാജു, അനിത, വിജിഷ, അശ്വിനി എന്നിവർ പ്രസംഗിച്ചു. സംഘാടകസമിതി ചെയർമാൻ കെ.വി. അനീഷ് സ്വാഗതവും മെമ്പർ സെക്രട്ടറി സി.വി വിനോദ് നന്ദിയും പറഞ്ഞു.