SignIn
Kerala Kaumudi Online
Saturday, 07 November 2026 10.34 AM IST

സംസ്ഥാന വിഹിതം മുടങ്ങി; 70 കഴിഞ്ഞവർക്കുള്ള ആയുഷ്മാൻ ചികിത്സാ കാർഡുകൾ നോക്കുകുത്തിയാകുന്നു

നീലേശ്വരം: 70 വയസ്സ് കഴിഞ്ഞവർക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പി.എം.ജെ.വൈ ആയുഷ്മാൻ വന്ദന പദ്ധതി പ്രതിസന്ധിയിൽ. അക്ഷയ കേന്ദ്രങ്ങളിലും കോമൺ സർവീസ് സെന്ററുകളിലും ദിവസങ്ങളോളം കയറിയിറങ്ങി കാർഡ് സ്വന്തമാക്കിയ വയോജനങ്ങൾ, സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുമ്പോൾ നിരാശരാകുകയാണ്. പദ്ധതി പ്രകാരമുള്ള ചികിത്സ നിലവിൽ നിർത്തിവെച്ചിരിക്കുകയാണെന്നാണ് ആശുപത്രികളിൽ നിന്ന് ഇവർക്ക് ലഭിക്കുന്ന മറുപടി.

പദ്ധതിയുടെ ചിലവ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 70:30 എന്ന അനുപാതത്തിലാണ് വഹിക്കേണ്ടത്. എന്നാൽ സംസ്ഥാന സർക്കാർ തങ്ങളുടെ വിഹിതമായ 30 ശതമാനം തുക അനുവദിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സംസ്ഥാന വിഹിതം മുടങ്ങിയതോടെയാണ് ആശുപത്രികൾ പദ്ധതി പ്രകാരമുള്ള സൗജന്യ ചികിത്സകൾ നിർത്തിവെക്കാൻ നിർബന്ധിതരായത്.

അയൽ സംസ്ഥാനമായ കർണാടകയിൽ ഈ പദ്ധതി സുഗമമായി നടപ്പിലാക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ പദ്ധതി താളംതെറ്റിയതിനാൽ കർണാടകയിലെ ആശുപത്രികളും കേരളത്തിൽ നിന്നുള്ള രോഗികൾക്ക് ആയുഷ്മാൻ കാർഡ് വഴിയുള്ള ചികിത്സ നിഷേധിക്കുകയാണ്. ഇതോടെ ഏറെ പ്രതീക്ഷയോടെ കാർഡ് എടുത്ത വയോജനങ്ങളുടെ അധ്വാനം പൂർണ്ണമായും വെറുതെയായി.

കാർഡുകൾ ഉപയോഗശൂന്യമായതോടെ ഭീമമായ ചികിത്സാ ചിലവാണ് നിർധനരായ രോഗികൾക്ക് നേരിടേണ്ടി വരുന്നത്. സർക്കാർ ആശുപത്രികളിൽ പലപ്പോഴും മതിയായ ചികിത്സാ സൗകര്യങ്ങളില്ലാത്തതിനാൽ മിക്കവരും സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. കഴുത്തറപ്പൻ ബില്ലുകൾ അടയ്ക്കാൻ സ്വന്തം വീടും പറമ്പും വരെ നഷ്ടപ്പെടുന്ന ഗതികേടിലാണ് നിലവിൽ സാധാരണക്കാരായ രോഗികൾ. വയോജനങ്ങളുടെ ഈ ദുരിതത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL