കുളത്തൂപ്പുഴയിൽ തേക്കിലപ്പുഴു ശല്യം രൂക്ഷം; വഴിനടക്കാനാവാതെ യാത്രക്കാർ

Sunday 24 May 2026 12:46 AM IST
തേക്കുമരത്തിനുളളിലെ ഇലകളിൽ കൂട്ടമായി പറ്റിപിടിച്ച് വളരുന്ന പൂഴുക്കൾ

കുളത്തൂപ്പുഴ: ജനവാസമേഖലയിലെ സ്വകാര്യ പുരയിടത്തിൽ വളരുന്ന തേക്കുമരങ്ങളിലെ പുഴുക്കളുടെ ശല്യം നാട്ടുകാർക്ക് വൻ ദുരിതമാകുന്നു. കുളത്തൂപ്പുഴ അമ്പലം വാർഡിലെ അങ്കണവാടിക്ക് മുന്നിലുള്ള പഞ്ചായത്ത് ഭൂമിയോട് ചേർന്നുകിടക്കുന്ന തോട്ടത്തിലാണ് തേക്കിലപ്പുഴുക്കൾ വ്യാപകമായി പെരുകുന്നത്. റോഡിലേക്ക് പടർന്നുപന്തലിച്ചു നിൽക്കുന്ന മരങ്ങളിലെ ഇലകളെല്ലാം തിന്നൊടുക്കി, പച്ചപ്പ് കാണാത്ത വിധത്തിലാണ് പുഴുക്കൾ നിറഞ്ഞിരിക്കുന്നത്.

 വഴിനടക്കാനാവാതെ യാത്രക്കാ‌ർ

ഇലകൾ തിന്നുതീർത്ത ശേഷം പുഴുക്കൾ മരങ്ങളിൽ നിന്നും കൂട്ടത്തോടെ കൊഴിഞ്ഞ് യാത്രക്കാരുടെ ദേഹത്ത് വീഴുന്നതും സമീപത്തെ വീടുകളിലേക്ക് ഇഴഞ്ഞുകയറുന്നതും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇതുവഴിയുള്ള വഴിയാത്രക്കാർക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വഴിനടക്കാൻ കഴിയാത്ത അവസ്ഥയാണ്. വീടുകളിൽ ആഹാരം പാചകം ചെയ്ത് സൂക്ഷിക്കാനോ, അലക്കിയ വസ്ത്രങ്ങൾ പുറത്തുണക്കാനിടാനോ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ പുഴുക്കളെ സ്പർശിച്ചാൽ കഠിനമായ ചൊറിച്ചിലും അലർജിയും ഉണ്ടാകുന്നതായി നാട്ടുകാർ പറയുന്നു.

 അധികൃതർക്ക് അനാസ്ഥ

മുമ്പ് വനംവകുപ്പ് തൈ പരിപാലനത്തിനായി പാട്ടത്തിനെടുത്ത ഭൂമിയിൽ വച്ചുപിടിപ്പിച്ച തേക്കിൻതൈകൾ, ഉത്പാദനത്തിനു ശേഷം ഉപേക്ഷിച്ചപ്പോൾ വീണ്ടും പൊട്ടിമുളച്ച് കാടായി വളരുകയായിരുന്നു. തേക്കിൻചുവട് യഥാവിധി വൃത്തിയാക്കി കരിയിലകൾ നീക്കം ചെയ്യുകയും, കൃത്യമായി കീടനാശിനി പ്രയോഗിക്കുകയും ചെയ്താൽ പുഴുശല്യം ഒരുപരിധിവരെ നിയന്ത്രിക്കാനാകും. എന്നാൽ ഇതിന് ഉത്തരവാദപ്പെട്ടവർ തയ്യാറാകാത്തതാണ് സ്ഥിതി ഇത്രയും വഷളാക്കിയതെന്ന് സമീപവാസികൾ കുറ്റപ്പെടുത്തുന്നു.

 മഴക്കാലം അടുക്കുന്നു; പ്രതിഷേധവുമായി നാട്ടുകാർ

മഴക്കാലം ആരംഭിക്കുന്നതോടെ പുഴുശല്യം ഇനിയും വർദ്ധിക്കുമെന്നും ജനജീവിതം പൂർണ്ണമായി ദുസഹമാകുമെന്നും ചൂണ്ടിക്കാട്ടി അടിയന്തര പരിഹാര മാർഗ്ഗങ്ങൾ കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഇപ്പോൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.