SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.06 AM IST

അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ബാഡ്ജ് ഒഫ് ഓണർ

​കൊല്ലം: ഫയർഫോഴ്സ് ഡയറക്ടർ ജനറലിന്റെ 'ബാഡ്ജ് ഒഫ് ഓണർ' പുരസ്കാരങ്ങൾക്ക് ജില്ലയിൽ നിന്ന് നാല് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും രണ്ട് സിവിൽ ഡിഫൻസ് അംഗങ്ങളും അർഹരായി. 2025-26 കാലയളവിൽ വിവിധ ദുരന്തമുഖങ്ങളിൽ ജീവൻ പണയപ്പെടുത്തി മാതൃകാപരമായ സേവനം അനുഷ്ഠിച്ചതിനാണ് വിശിഷ്ട അംഗീകാരത്തിന് അർഹരാക്കിയത്.

​ ഡി.ഉല്ലാസ്, ജെ.സുരേഷ് കുമാർ, ഒ.എ.ഷഹീർ, എസ്.ജിതിൻ എന്നിവരും, സിവിൽ ഡിഫൻസ് അംഗങ്ങളായ ആർ.രാജിമോൻ, വിഷ്ണു വിശ്വനാഥ് എന്നിവരുമാണ് പുരസ്കാരം നേടിയത്. ഇതിൽ സുരേഷ് കുമാർ, ഷഹീർ, ജിതിൻ എന്നിവർ കൊല്ലം അഗ്നിരക്ഷാസേനയുടെ സ്കൂബ ഡൈവിംഗ് ടീമിലെ അംഗങ്ങളാണ്. ചാമക്കട സ്റ്റേഷൻ ഓഫീസറാണ് ഡി.ഉല്ലാസ്.

​ജെ. സുരേഷ് കുമാർ: 2015ൽ സർവീസിൽ പ്രവേശിച്ചു. 2018, 2019 പ്രളയകാലത്തെ രക്ഷാപ്രവർത്തനങ്ങൾ, ഉളിയക്കോവിൽ കിണർ അപകടം, മരുന്ന് ഗോഡൗണിലെ തീപിടിത്തം എന്നിവയിൽ മികച്ച സേവനം കാഴ്ചവച്ചു. 2024ൽ 120 അടി താഴ്ചയുള്ള കുടവട്ടൂർ പാറ ക്വാറിയിൽ അകപ്പെട്ടയാളെ ജീവനോടെ രക്ഷപ്പെടുത്തിയ സ്കൂബ ടീമിലും അംഗമായിരുന്നു. മികച്ച സേവനത്തിന് 15 സത്‌സേവന പത്രങ്ങൾ ലഭിച്ചിട്ടുണ്ട്.

ഒ.എ.​ഷഹീർ: അഗ്നിരക്ഷാ സേനയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സിലും ജില്ലയിലെ സ്കൂബ ടീമിലും അംഗമാണ്. വയനാട് ഉരുൾപൊട്ടൽ, തിരുവനന്തപുരം ആമയിഴഞ്ചാൻ തോട് രക്ഷാപ്രവർത്തനം, കോന്നി പയ്യനാമൺ ക്വാറി അപകടം എന്നിവയിൽ പങ്കാളിയായി. കൊട്ടാരക്കരയിലെ ദുഷ്കരമായ കിണർ അപകടത്തിൽ ജീവൻ പൊലിഞ്ഞ ഫയർമാൻ സോണി.എസ്.കുമാറിനൊപ്പം അപകടത്തിൽപ്പെട്ട മറ്റൊരാളുടെ മൃതദേഹം അതീവ അപകടകരമായ സാഹചര്യത്തിൽ കിണറ്റിലിറങ്ങി പുറത്തെടുത്തത് ഷഹീറാണ്. ഇദ്ദേഹത്തിന് 18 സത്‌സേവന പത്രങ്ങൾ ലഭിച്ചിട്ടുണ്ട്.

എസ്.​ജിതിൻ: 2015ൽ സർവീസിൽ കയറിയ ഇദ്ദേഹം 2018 പ്രളയം, ആമയിഴഞ്ചാൻ തോട് രക്ഷാപ്രവർത്തനം, ഉളിയക്കോവിൽ തീപിടിത്തം എന്നിവയിൽ മികച്ച പ്രവർത്തനം നടത്തി. കൊട്ടാരക്കര കിണർ അപകടത്തിൽ, അതീവ ദുഷ്കരമായ സാഹചര്യത്തിൽ കിണറ്റിലിറങ്ങി രണ്ടാമത്തെ ആളുടെ മൃതദേഹം വീണ്ടെടുത്തത് ജിതിനായിരുന്നു. വിവിധ രക്ഷാപ്രവർത്തനങ്ങൾക്കായി 19 സത്‌സേവന പത്രങ്ങൾ നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL