SignIn
Kerala Kaumudi Online
Wednesday, 10 June 2026 6.10 AM IST

കൊട്ടിയത്ത് പുക ശ്വസിച്ച സ്കൂൾ വിദ്യാർത്ഥികൾക്ക് അസ്വാസ്ഥ്യം

കൊട്ടിയം: ചൂരൽപൊയ്ക ഒറ്റപ്ലാമൂട് പ്രവർത്തിക്കുന്ന ടാർ കോൺക്രീറ്റ് മിക്സിംഗ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ച ഇരുപതോളം വിദ്യാർത്ഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ. ഉടൻ തന്നെ അദ്ധ്യാപകർ കുട്ടികളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിന്റെ മുകളിലെ നിലയിലെ ക്ലാസ് റൂമുകളിലിരുന്ന കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.

വിവരമറിഞ്ഞ് മൈലക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിലെത്തി മറ്റ് കുട്ടികൾക്കും അടിയന്തര വൈദ്യസഹായം ലഭ്യമാക്കി. പ്ലാന്റിൽ നിന്നുള്ള മലിനീകരണം ചൂണ്ടിക്കാണിച്ച് മെഡിക്കൽ ഓഫീസർ പഞ്ചായത്തിന് റിപ്പോർട്ട് സമർപ്പിച്ചു. പെട്രോളിന്റെയും മറ്റ് രാസവസ്തുക്കളുടെയും രൂക്ഷമായ ഗന്ധം ശ്വസിച്ച നാട്ടുകാർക്കും ശ്വാസമുട്ട്, ചുമ, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവ പ്രത്യക്ഷപ്പെടുന്നുണ്ട്.

പ്ലാന്റിന് പഞ്ചായത്ത് ലൈസൻസ് നൽകിയിട്ടില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ പ്ലാന്റ് ഉടമകളുടെ കൈവശം നിലവിൽ കെ സ്വിഫ്ട് സിംഗിൾ വിൻഡോ ക്ലിയറൻസ് വഴിയുള്ള ലൈസൻസാണുള്ളത്. ഇതിൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയുണ്ടെങ്കിലും ഇത്രയും ജനസാന്ദ്രതയേറിയ പ്രദേശത്ത് ഇത്തരമൊരു പ്ലാന്റിന് അനുമതി ലഭിച്ചുവെന്നതിൽ പഞ്ചായത്ത് അധികൃതർക്കും വ്യക്തതയില്ല.

കഴിഞ്ഞ 6ന് പഞ്ചായത്ത് അധികൃതരും സന്നദ്ധ പ്രവർത്തകരും എം.എൽ.എയും ഉൾപ്പടെ പങ്കെടുത്ത് ജില്ലാ കളക്ടറുടെ ചേംബറിൽ പ്രത്യേക ചർച്ച നടത്തിയിരുന്നു. പ്ലാന്റിലെ പുകക്കുഴൽ ഉയരത്തിൽ സ്ഥാപിക്കണമെന്ന് യോഗം നിർദ്ദേശിച്ചിരുന്നെങ്കിലും മാനേജ്മെന്റ് ഇതുവരെ പാലിച്ചിട്ടില്ല.

ഇന്ന് അടിയന്തര യോഗം

കുട്ടികൾ കൂട്ടത്തോടെ ആശുപത്രിയിലായ സാഹചര്യം കണക്കിലെടുത്ത് ഇന്ന് ഉച്ചയ്ക്ക് 2ന് ആദിച്ചനല്ലൂർ പഞ്ചായത്ത് ഹാളിൽ അടിയന്തര യോഗം ചേരും. പ്ലാന്റിനെതിരായ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൽ നിയമവശങ്ങൾ പരിശോധിച്ച് പ്ലാന്റിന്റെ പ്രവർത്തനം നിർത്തിവയ്ക്കാനുള്ള നോട്ടീസ് നൽകാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം.

പ്ലാന്റിന്റെ പ്രവർത്തനം പഞ്ചായത്ത് ഭരണസമിതി ഒന്നടങ്കം എതിർക്കും. സ്റ്റോപ്പ് മെമ്മോ നൽകുന്നതിന് നടപടി സ്വീകരിക്കും.

ജിനോക്കി എഡ്വേർഡ്,

ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL