പത്തനാപുരം :കവയിത്രി സുഗതകുമാരിയുടെ 'ഒരു തൈ നടാം അമ്മയ്ക്ക് വേണ്ടി' എന്ന പ്രശസ്തമായ കവിത ആലപിച്ചുകൊണ്ട് മുൻ മിസോറാം ഗവർണർ കുമ്മനം രാജാശേഖരൻ ഗാന്ധിഭവനിൽ 'സുഗതവനം' പദ്ധതിക്ക് തുടക്കം കുറിച്ചു. ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഗാന്ധിഭവൻ സ്പെഷ്യൽ സ്കൂളിനോട് ചേർന്ന ഏഴ് സെന്റ് ഭൂമിയിൽ ഫലവൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് കുഞ്ഞു വനത്തിന് തുടക്കമിട്ടത്.
ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷം ഒരു ലക്ഷം തൈകൾ നട്ടുപരിപാലിക്കാനാണ് ഗാന്ധിഭവൻ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ ഗാന്ധിഭവന്റെ ആഭിമുഖ്യത്തിൽ 'ഫലവൃക്ഷ വണ്ടി' എല്ലാ പഞ്ചായത്തുകളിലും സ്കൂളുകളിലും സഞ്ചരിച്ച് തൈകൾ വിതരണം ചെയ്തു. കഴിഞ്ഞ വർഷം 'അയൽവീട്ടിലൊരു മരം' പദ്ധതിയിലൂടെ അഞ്ച് ലക്ഷം തൈകൾ വിജയകരമായി നട്ടുപിടിപ്പിച്ചിരുന്നു.
ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി ഒ.വി. ഉഷ മുഖ്യാതിഥിയായിരുന്നു. ഗാന്ധിഭവൻ ഇന്റർനാഷണൽ ട്രസ്റ്റ് സെക്രട്ടറിയും മാനേജിങ് ട്രസ്റ്റിയുമായ പുനലൂർ സോമരാജൻ സ്വാഗതം ആശംസിച്ചു. ഗാന്ധിഭവൻ ഫാമിലി ക്ലബ് പ്രസിഡന്റ് എം.ടി. ബാവ, ലീഗൽ പാനൽ ചെയർമാൻ വിജയകുമാർ, സാമൂഹിക പ്രവർത്തക ഗ്രേസി ഫിലിപ്പ് എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മോഹനൻ നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |