പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതം കരുതണം ഷിഗെല്ലയെ

Monday 25 May 2026 12:32 AM IST
ഷിഗല്ല

കോഴിക്കോട്: ജില്ലയിൽ ഷിഗെല്ല വെെറസ് ബാധ സ്ഥിരീകരിച്ചോതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. പെരുമണ്ണ ഗ്രാമപഞ്ചായത്തിലെ പാറക്കണ്ടം, പുതിയോട്ടിൽ ഭാഗത്തുള്ള രണ്ടര, മൂന്ന് വയസുള്ള കുട്ടികൾക്കാണ് കഴിഞ്ഞ ദിവസം രോഗബാധ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന ഇരുവരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ടായതോടെ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. രോഗം സ്ഥിരീകരിച്ച പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യവകുപ്പ് ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. രോഗം കണ്ടെത്തിയ ഭാഗങ്ങളിൽ ആരോഗ്യ വകുപ്പിന്റെയും ആശാവർക്കർമാരുടെയും നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. പരിസരത്തെ കിണറുകളും മറ്റ് ജലസ്ത്രോതസുകളും പരിശോധിക്കും. നേരത്തെയും ഇതിന് സമാനമായ വിധത്തിൽ പെരുവയൽ ഗ്രാമപഞ്ചായത്തിലെ പൂവാട്ടുപറമ്പിലും നിരവധി പേർക്ക് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഷിഗെല്ല ബാധിച്ച് ഒരു കുട്ടിയുടെ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു.

കരുതൽ വേണം

ഷിഗെല്ല വിഭാഗത്തിൽപ്പെട്ട ബാക്ടീരിയകളാണ് രോഗാണുബാധയ്ക്ക് കാരണം. മലിനമാക്കപ്പെട്ട ഭക്ഷണവും വെള്ളവും വഴിയാണ് ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നത്. ഒന്നുരണ്ടു ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ആരോഗ്യവാനായ ഒരാളിൽ അഞ്ച് മുതൽ ഏഴ് ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നേക്കാം. വയറിളക്കം പൂർണമായി ഭേദമായാലും രോഗിയുടെ മലവിസർജ്ജന ക്രമം ശരിയായി വരാൻ മാസങ്ങൾ എടുത്തേക്കാം.

 ലക്ഷണങ്ങൾ

വയറിളക്കം

രക്തത്തോട് കൂടിയ മലവിസർജ്ജനം

വേദനയോട് കൂടിയ മലവിസർജ്ജനത്തിനുള്ള തോന്നൽ

വയറുവേദന

പനി, വൻകുടൽ വീക്കം

മലാശയം പുറത്തേക്ക് തള്ളൽ

വിളർച്ച

രോഗതീവ്രത കൂടിയാൽ കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറുകൾ, പ്ലേറ്റ്ലെറ്റുകൾ ഗണ്യമായി കുറയുക, വൃക്കകൾ തകരാറിലാകുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കാം.

ശ്രദ്ധിക്കാം

ഭക്ഷണം കഴിക്കുന്നതിനു മുമ്പും മല-മൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക

തിളപ്പിച്ചാറിയ ശുദ്ധജലം മാത്രമേ കുടിക്കാവൂ.

കുടിവെള്ള സ്രോതസ്സുകളായ കിണർ, ടാങ്ക് എന്നിവ മലിനമാകാതെ സൂക്ഷിക്കണം.

കഴിക്കുന്ന ഭക്ഷണം ശുചിത്വമുള്ളതും സുരക്ഷിതവുമാണെന്ന് ഉറപ്പ് വരുത്തണം.

പഴകിയതും മലിനവുമായ ഭക്ഷണം കഴിക്കരുത്.

യാത്രകളിലും മറ്റും വൃത്തിയും ശുചിത്വവുമുള്ള ഭക്ഷണശാലകളിൽനിന്നു മാത്രമേ ഭക്ഷണം കഴിക്കാവൂ.

തുറന്ന സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്യരുത്. സാനിറ്ററി നാപ്കിൻ, കുട്ടികളുടെ ഡയപ്പറുകൾ തുടങ്ങിയവ സുരക്ഷിതമായി സംസ്കരിക്കണം.

രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപെട്ടാൽ സ്വയ ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ ആശുപത്രിയിലെത്തി ആവശ്യമായ പരിശോധനകൾ നടത്തണം.

ഡോ. കെ.കെ രാജാറാം, ഡി.എം.ഒ