ഫസ്റ്റ് ബെല്ലിന് ഒരാഴ്ച; ജില്ലയ്ക്ക് ഇനിയും വേണം 17.16 ലക്ഷം പുസ്തകങ്ങൾ

Monday 25 May 2026 12:37 AM IST

മലപ്പുറം: പുതിയ അദ്ധ്യയന വർഷം ആരംഭിക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെ ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത് 50 ലക്ഷം പാഠപുസ്തകങ്ങൾ. 56 ലക്ഷം പാഠപുസ്തകങ്ങൾ ജില്ലാ ബുക്ക് ഡിപ്പോയിൽ എത്തിയിട്ടുണ്ട്. ജില്ലയിലെ സർക്കാർ-എയ്ഡഡ് സ്‌കൂളുകളിലേക്ക് ആകെ 73.16 ലക്ഷം പാഠപുസ്തകങ്ങളാണ് വേണ്ടത്. ഇനിയും 17.16 ലക്ഷം പുസ്തകങ്ങൾ കൂടി ജില്ലയിൽ എത്തേണ്ടതുണ്ട്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ഒന്ന് മുതൽ 10 വരെ ക്ലാസുകളിലേക്ക് 65.01 ലക്ഷം പുസ്തകങ്ങളാണ് വേണ്ടത്. ഇതിൽ 47 ലക്ഷം പുസ്തകങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. അൺ-എയ്ഡഡിലേക്കുള്ള 8.15 ലക്ഷം പാഠപുസ്തകങ്ങളിൽ 50 ശതമാനത്തിന്റെ വിതരണവും പൂർത്തിയായി. പുസ്തകങ്ങളുടെ രണ്ടാംഘട്ട വിതരണം ജൂലായിൽ ആരംഭിക്കും. ഫെബ്രുവരി 24നാണ് വിതരണം ആരംഭിച്ചത്. അൺ-എയ്ഡഡിലേക്കുള്ള വിതരണം ഏപ്രിൽ ആദ്യ വാരമാണ് ആരംഭിച്ചത്.

പാഠപുസ്തക ഡിപ്പോയിലെത്തുന്ന പുസ്തകങ്ങൾ തരംതിരിച്ച് കെട്ടാക്കി ഓരോ സ്‌കൂളിന്റെയും പേരെഴുതിയ ലേബൽ ഉൾപ്പെടെയാണ് കയറ്റി അയക്കുക. കഴിഞ്ഞ അദ്ധ്യയന വർഷം 79 ലക്ഷം പാഠപുസ്തകങ്ങളാണ് ജില്ലയിൽ വിതരണം ചെയ്തത്‌.

എല്ലാം ഓൺലൈനായി

സ്‌കൂളുകളിലെ പുസ്തകങ്ങളുടെ ആവശ്യകത കൃത്യമായി മനസ്സിലാക്കാൻ ഏകീകൃത സംവിധാനമുണ്ട്. അതത് സൊസൈറ്റികൾ തങ്ങൾക്ക് ആവശ്യമുള്ള പുസ്തകങ്ങളുടെ എണ്ണം ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിപ്പോയിൽ നിന്ന് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. അതേസമയം, സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർത്ഥികളെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വിദ്യാലയങ്ങൾ. ചുവരുകളിൽ ചിത്രങ്ങൾ വരച്ചും കളിസ്ഥലങ്ങളും സ്റ്റഡി കോർണറുകളും ഒരുക്കിയും പ്രവേശനോത്സവം ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്.

പുസ്തക വിതരണം അവസാന ഘട്ടത്തിലാണ്. നിലവിൽ മഴ പ്രതിസന്ധി സൃഷ്ടിക്കുന്നില്ല. പുസ്തക വിതരണം ആരംഭിച്ചാൽ തീരുന്ന മുറയ്ക്ക് പുതിയ ലോഡ് എത്തിക്കുന്നുണ്ട്.

എൻ.രാജേഷ്, ഡിപ്പോ സൂപ്പർവൈസർ

വിതരണം ചെയ്തത് - 50 ലക്ഷം

ആകെ വേണ്ടത് - 73.16 ലക്ഷം

ഡിപ്പോയിലെത്തിയത്- 56 ലക്ഷം