കാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
കുറ്റിപ്പുറം: അവധിക്കാലത്തും ബാലസംരക്ഷണ സ്ഥാപനങ്ങളിൽ തുടരേണ്ടിവരുന്ന കുട്ടികളുടെ മാനസിക പിരിമുറുക്കം കുറയ്ക്കുകയും സമഗ്ര വികസനം ലക്ഷ്യമിടുകയും ചെയ്ത് മലപ്പുറം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന 'വേനൽ മഴ' പദ്ധതിയുടെ ഭാഗമായി കാർഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. തവനൂരിലെ കേരള കാർഷിക സർവകലാശാല ക്യാമ്പസിലുള്ള ഇൻസ്ട്രക്ഷണൽ ഫാമിൽ വെച്ചാണ് പരിശീലനം നടന്നത്.
മണ്ണിനോട് ആത്മബന്ധം വളർത്തുന്നതിനൊപ്പം സമൂഹത്തിന് ആവശ്യമായ വിളകൾ ഉൽപ്പാദിപ്പിച്ച് വിപണനം നടത്തി വരുമാനം കണ്ടെത്താൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്. ചടങ്ങിൽ വച്ച് എൻട്രി ഹോം ഫോർ ഗേൾസിലെ കുട്ടികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് 50 പുസ്തകങ്ങൾ കൈമാറി.
ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ അരീക്കാടൻ മമ്മു മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ആർ. ഗായത്രി ഉദ്ഘാടനം ചെയ്തു. ഹീലിംഗ് ഗാർഡൻ കിറ്റ് തവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കർ സിദ്ദീഖ് വിതരണം ചെയ്തു. കേരള കാർഷിക സർവകലാശാലയിലെ ഡോ. പി.കെ. അബ്ദുൽ ജബ്ബാർ പരിശീലനത്തിന് നേതൃത്വം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഷാജിത ആറ്റശ്ശേരി, മുഹ്സിൻ, ശിഹാബ് സംസാരിച്ചു.