പൊതുമരാമത്ത് മന്ത്രിയുടെ ഉറപ്പ് പന്നിക്കോട്ടുമുണ്ട-പനക്കപ്പാടം പാലം വരുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ
കാളികാവ്: പുതിയ സർക്കാരിൽ നിന്ന് നാട്ടുകാർക്ക് ഉറപ്പ് ലഭിച്ചു. ചോക്കാട് പന്നിക്കോട്ടുമുണ്ട പനക്കപ്പാടം പാലം യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ നാട്ടുകാർ. പൊതുമരാമത്ത് മന്ത്രി പി.കെ ബഷീറിനെ നേരിൽ കണ്ട് നാട്ടുകാർ നിവേദനം നൽകി. പാലത്തിന് പ്രഥമ പരിഗണന നൽകുമെന്ന് മന്ത്രി നാട്ടുകാർക്ക് ഉറപ്പു നൽകി. 2017-18 സാമ്പത്തിക വർഷം മുതൽ എല്ലാ ബഡ്ജറ്റുകളിലും നൂറ് രൂപ ടോക്കൺ അനുവദിച്ചിട്ടുള്ള പദ്ധതിയാണിത്. മമ്പാട്ടുമൂല, പനക്കപ്പാടം, മഞ്ഞപ്പെട്ടി തുടങ്ങിയ ഗ്രാമങ്ങളെ മലയോര ഹൈവേയുമായി ബന്ധിപ്പിക്കുന്നതാണ് നിർദ്ദിഷ്ട പന്നിക്കോട്ടുമുണ്ട പനക്കപ്പാടം പാലം. ഇപ്പോൾ ഒരു നടപ്പാലമാണ് ഇവിടെയുള്ളത്. പാലം യാഥാർത്ഥ്യമായാൽ മമ്പാട്ടുമൂല പനക്കപ്പാടാം നിവാസികൾക്ക് ഹൈവെയിലേക്ക് അഞ്ചുകിലോ മീറ്റർ ദൂരം കുറയും. ഹൈവേയിൽ നിന്ന് നൂറുമീറ്റർ അകലെ ചോക്കാടൻ പുഴക്ക് കുറുകെയാണ് പാലം വരുന്നത്. 2023 ആഗസ്റ്റിൽ പാലത്തിന്റെ സ്ഥലമേറ്റെടുപ്പു നടപടിക്രമങ്ങൾ ചോക്കാട് പഞ്ചായത്ത് ഭരണസമിതി ഏറ്റെടുത്തതു പൂർത്തിയാക്കിയിരുന്നു. അതേ മാസം തന്നെ ഇപ്പോഴത്തെ റവന്യു മന്ത്രി എ.പി.അനിൽ കുമാറിന്റെ നേതൃത്തിൽ പന്നിക്കോട്ടുമുണ്ടയിൽ വിപുലമായ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തിരുന്നു. ഈ യോഗത്തിൽ അസിസ്റ്റന്റ് എക്സി ക്യൂട്ടിവ് എഞ്ചിനിയർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത് പ്രസിഡന്റ് , സ്ഥലമുടമകൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് 7.80 കോടി രൂപ ചെലവു കണക്കാക്കി പിഡബ്ലിയുഡി പദ്ധതി സർക്കാരിന് സമർപ്പിച്ചതാണ്.തുടർന്ന് അപ്രോച്ച് റോഡിനുള്ള ഭൂമി പഞ്ചായത്ത് ഏറ്റെടുത്ത് നൽകുകയും ചെയ്തിട്ടുള്ളതാണ്.
അപകടഭീഷണിയിൽ നടപ്പാലം നിലവിൽ പന്നിക്കോട്ടുമുണ്ടയിൽ ചോക്കാടൻ പുഴക്കു കുറുകെ 22 വർഷം വർഷം പഴക്കമുള്ള ഒരു നടപ്പാലമാണുള്ളത്. കാൽനട യാത്രയ്ക്ക് മാത്രം നിർമ്മിച്ച ഇതിലൂടെ അപകടകരമായ നിലയിലാണ് ബൈക്കുകളും ഓട്ടോറിക്ഷയും കടന്നുപോകുന്നത്. പാലത്തിന്റെ തൂണുകളുടെ അടിഭാഗത്തെ കല്ലുകൾ ഇളകിപ്പോയിട്ടുണ്ട്. നാട്ടുകാരുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും നിരന്തര ഇടപെടൽ മൂലം പൊതുമരാമത്ത് വകുപ്പ് രണ്ടുവർഷം മുമ്പാണ് ഭരണാനുമതിക്കായി പദ്ധതി സർക്കാരിന് സമർപ്പിച്ചത്. നാട്ടുകാരും മുസ്ലിം ലീഗ് ഭാരവാഹികളുമായ പുക്കൂത്ത് അബ്ദുൽ മജീദ്, സി.ടി.അബ്ദുൽ മജീദ്, കുന്നുമ്മൽ അക്ബറലി, അബ്ദുൽസലാം പുക്കൂത്ത് എന്നിവരാണ് മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയത്.