രാത്രിയുടെ മറവിൽ മാലിന്യം തള്ളി; കുടിവെള്ള പമ്പിംഗ് നിറുത്തിവെച്ചു
വള്ളിക്കുന്ന്: ഒലിപ്രം കടവ്, കച്ചേരിക്കുന്ന്, റെയിൽവേ പരിസരം ഉൾപ്പെടെയുള്ള മേഖലകളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യങ്ങളും മലിനജലവും തള്ളുന്ന സംഭവങ്ങൾക്ക് പിന്നിൽ സംഘടിത സംഘങ്ങൾ പ്രവർത്തിക്കുന്നതായി വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. തുടർച്ചയായി വിവിധ പ്രദേശങ്ങളിലായി നടക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടികൾ കൈകൊള്ളാൻ പഞ്ചായത്ത് തീരുമാനിച്ചു. മാലിന്യം തള്ളിയ പ്രദേശത്തിനരികിൽ സ്ഥിതി ചെയ്യുന്ന കേരള വാട്ടർ അതോറിറ്റിയുടെ കിണറിൽ പാമ്പിംഗ് താത്കാലികമായി നിർത്തിവെക്കാനും സൂപ്പർ ക്ലോറിനേഷൻ നടത്താനും നിർദേശം നൽകിയിട്ടുണ്ട്.
പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർഡ് അംഗങ്ങളായ ബിന്ദു വിനോദ്, വി.ബി.കൃഷ്ണകുമാർ തറോൽ, കെ.വി.അജയ്ലാൽ എന്നിവർ പ്രദേശങ്ങൾ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട പരാതി പരപ്പനങ്ങാടി പൊലീസിന് കൈമാറിയതായും പഞ്ചായത്ത് അറിയിച്ചു. ജനങ്ങളുടെ ആരോഗ്യത്തെയും കുടിവെള്ള സ്രോതസുകളെയും പരിസ്ഥിതിയെയും ഗുരുതരമായി ബാധിക്കുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശക്തമായ ഇടപെടലുകളുമായി മന്നോട്ടുപോകുമെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി. വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണ സംവിധാനം ശക്തമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതോടൊപ്പം പൊലീസ്, ആരോഗ്യവകുപ്പ്, പി.ഡബ്ല്യു.ഡി എന്നിവരുമായി ചേർന്ന് പരിശോധനയും അന്വേഷണവും ശക്തമാക്കുമെന്നും അധികൃതർ അറിയിച്ചു.
പൊതുസ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. മാലിന്യം ശേഖരിക്കുന്നുവെന്ന് അവകാശപ്പെടുന്ന വാഹനങ്ങളെയും സംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും ജനങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രഹസ്യനിരീക്ഷണവും ശക്തമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.