റാന്നി: വേനലിൽ പൊടിശല്യവും മഴയിൽ ചെളിക്കുളവുമായി റാന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ നാഥനില്ലാക്കളരിയാകുന്നു. വർഷങ്ങളായി തുടരുന്ന കടുത്ത അവഗണനയ്ക്കെതിരെ യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമാവുകയാണ്. പേരിനൊരു ഓപ്പറേറ്റിംഗ് സെന്റർ എന്നതിനപ്പുറം യാതൊരുവിധ അടിസ്ഥാന സൗകര്യ വികസനവും ഇവിടെ നടക്കുന്നില്ലെന്നാണ് പ്രധാന പരാതി. നേരിയ മഴ പെയ്താൽ പോലും സ്റ്റാൻഡ് മുഴുവൻ വലിയ കുഴികളും ചെളിക്കെട്ടുമാണ്. വേനൽക്കാലത്താകട്ടെ അതിരൂക്ഷമായ പൊടിശല്യം കാരണം ശ്വാസം മുട്ടുകയാണ് യാത്രക്കാരും ജീവനക്കാരും. സ്റ്റാൻഡിലെ ചെളികാരണം ഭൂരിഭാഗം യാത്രക്കാരും ഇപ്പോൾ സ്വകാര്യ ബസ് സ്റ്റാൻഡിൽ അഭയം പ്രാപിക്കുകയാണ്. ഇതിനുപുറമേ, സ്റ്റാൻഡിലെ ടോയ്ലെറ്റ് തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നതും യാത്രക്കാരെ, പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ബസ് സ്റ്റാൻഡും പരിസരവും അടിയന്തരമായി ടാറിംഗോ കോൺക്രീറ്റിംഗോ നടത്തി ഈ കുണ്ടും കുഴിയും ചെളിക്കെട്ടിനും പരിഹാരം കാണണമെന്ന് യാത്രക്കാർ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട അധികൃതർ ഇതുവരെ ഇതിന്മേൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇനിയെങ്കിലും അധികൃതർ കണ്ണ് തുറന്ന് ദുരവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
........................................................................
സംസ്ഥാന പാതയുടെ വികസനത്തിന് ശേഷം റാന്നിയിൽ കൂടെ നിരവധി ബസ് സർവീസുകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർക്ക് ഇനിയും കഴിഞ്ഞിട്ടില്ല പുതിയ സർക്കാർ ഇതിൽ വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ദീപു പൈതൃക
(റാന്നി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |