SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.32 AM IST

ചെങ്ങന്നൂർ നഗരസഭ ഓഫീസ് കൗൺസിൽ ഹാളിന്റെ സീലിംഗ് തകർന്നു വീണു, സുരക്ഷയില്ലാത്ത കെട്ടിടമെന്ന വിമർശനം

12
ചെങ്ങന്നൂർ നഗരസഭ കൗൺസിൽ ഹാളിൽ തകർന്നു വീണ സീലിംഗ്; വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ ഓഫീസ് കെട്ടിടത്തിലെ കൗൺസിൽ ഹാളിന്റെ സീലിംഗ് തകർന്നു വീണു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കോൺക്രീറ്റ് ഉൾപ്പെടെയുള്ള വലിയ പാളികളാണ് അടർന്നു വീണത്. സംഭവം നടക്കുമ്പോൾ ഹാളിൽ ആളുകൾ ഇല്ലാതിരുന്നതിനാലാണ് വലിയ ദുരന്തം ഒഴിവായത്.കെട്ടിടം അടിയന്തരമായി മാറ്റണമെന്ന് കൗൺസിലർമാർ ഉൾപ്പെടെ നിരന്തരം ആവശ്യപ്പെട്ടിട്ടും നഗരസഭ അധികൃതർ കാട്ടുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് നഗരസഭയുടെ നിലവിലെ ഓഫീസ് കെട്ടിടമെന്ന് ജീവനക്കാരും ജനപ്രതിനിധികളും ചൂണ്ടിക്കാട്ടുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് മാദ്ധ്യമങ്ങൾ നേരത്തെയും വാർത്തകൾ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൗൺസിൽ ഹാളിന്റെ സീലിംഗ് തകർന്നു വീണത്. നിലവിൽ ഓഫീസ് പ്രവർത്തിക്കുന്ന ഭൂരിഭാഗം ഭാഗങ്ങളിലും കോൺക്രീറ്റ് സീലിംഗ് അടർന്ന് കമ്പികൾ പുറത്തുകാണുന്ന നിലയിലാണ്. നേരത്തെയും റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ ജോലി ചെയ്തുകൊണ്ടിരിക്കെ കോൺക്രീറ്റ് ഇളകി വീണ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓഫീസ് കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. കെട്ടിടത്തിന്റെ പ്രധാന തൂണുകളിലെല്ലാം കോൺക്രീറ്റ് അടർന്ന് ഉള്ളിലെ കമ്പികൾ ദ്രവിച്ച നിലയിലാണ്. നഗരസഭാ പരിധിയിലെ മറ്റ് കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കുന്ന അധികൃതർ സ്വന്തം ഓഫീസ് കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ച വരുത്തുകയാണെന്ന വിമർശനവും ശക്തമാണ്. അടിയന്തരമായി ഓഫീസ് ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെയും പൊതുജനങ്ങളുടെയും ആവശ്യം.

പുതിയ മന്ദിരം: പദ്ധതി യാഥാർത്ഥ്യമായില്ല


നഗരസഭയുടെ ശാസ്താപുരം മാർക്കറ്റിന് സമീപം പുതിയ മന്ദിരം നിർമ്മിക്കുന്നതിന് നേരത്തെ ധാരണയായിരുന്നെങ്കിലും പദ്ധതി ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. കഴിഞ്ഞ കൗൺസിലിന്റെയും നിലവിലെ കൗൺസിലിന്റെയും കാലത്ത് ഓഫീസ് മാറ്റാൻ തീരുമാനങ്ങൾ എടുത്തിരുന്നെങ്കിലും നഗരസഭയുടെ അനാസ്ഥയും ഏകോപനമില്ലായ്മയും മൂലം തുടർനടപടികൾ ഉണ്ടായില്ലെന്ന് നാലാം വാർഡ് കൗൺസിലർ ബി. ജയകുമാർ ആരോപിച്ചു.

..............................................

പുതിയ കെട്ടിടത്തിനായി ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. നിലവിലെ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് ഒരു മാസത്തിനകം ഓഫീസ് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

മനീഷ് കീഴാമഠം

(നഗരസഭ ചെയർമാൻ)​

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL