SignIn
Kerala Kaumudi Online
Sunday, 04 October 2026 3.56 AM IST

പേരയം-താന്നിമുട് റോഡിൽ മാലിന്യനിക്ഷേപം രൂക്ഷം

photo

പാലോട്: നന്ദിയോട് പഞ്ചായത്തിന്റെ പ്രധാന റോഡുകളിൽ ക്യാമറകൾ സ്ഥാപിച്ചതോടെ മാലിന്യം തള്ളൽ പേരയം- താന്നിമുട് റോഡിലേക്ക് മാറ്റിയ അവസ്ഥയിലാണ്. ഈ ഭാഗങ്ങളിൽ സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്തതും ക്യാമറകൾ സ്ഥാപിക്കാത്തതും ഇത്തരക്കാർക്ക് പ്രചോദനമായിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ ചാക്കുകെട്ടുകളായി അറവ്,ഹോട്ടൽ മാലിന്യം തള്ളൽ പതിവാണ്. ഈ പ്രദേശത്ത് വഴി നടക്കണമെങ്കിൽ മൂക്കുപൊത്തേണ്ട അവസ്ഥയാണ്.

അർദ്ധരാത്രിയോടെ വാഹനങ്ങളിൽ കൊണ്ടുവരുന്ന ഇറച്ചി വേസ്റ്റുകൾ താന്നിമൂട് മുതൽ കുടവനാട് വരെയുള്ള റോഡിലേക്കാണ് വലിച്ചെറിയുന്നത്. ഈ പ്രദേശത്തുൾപ്പെടെ മാലിന്യം കുന്നുകൂടുകയാണ്.മാലിന്യം തള്ളാനെത്തിയവരെയും മാലിന്യമെത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്ത് പിഴ ചുമത്തി വിടുകയാണ് പതിവ് രീതി. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നന്ദിയോട്,പാങ്ങോട് പ‌‌ഞ്ചായത്തുകളുടെ പരിധിയിലുള്ള സ്ഥാപനങ്ങളാണ് കൂടുതലായും ഇവിടെ മാലിന്യം തള്ളുന്നത്.

പകർച്ചവ്യാധികൾക്ക് സാദ്ധ്യത

മാർക്കറ്റുകളിലേയും ഹോട്ടലുകളിലെയും മാലിന്യം സമീപത്തെ കൈത്തോടുകളിൽ നിക്ഷേപിക്കുന്നത് പ്രദേശത്ത് പകർച്ചവ്യാധികൾ പടരാൻ ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്നു. ഈച്ചയും കൊതുകും പുഴുവും പെരുകി ദുർഗന്ധം വമിക്കുകയാണ്. തെരുവുനായ്ക്കളുടെ ശല്യം കാരണം കാൽനടയാത്രക്കാരും ബുദ്ധിമുട്ടിലാണ്. കൈത്തോടുകളിലേക്ക് സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ പോലും രാത്രിയിൽ തുറന്നു വിടുന്നുണ്ട്.

തെരുവുനായ് ശല്യവും

മാലിന്യം തിന്നാൻ ഇവിടെയെത്തുന്ന തെരുവുനായ്ക്കൂട്ടം യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്.ഇരുചക്രവാഹന യാത്രക്കാരടക്കം ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്.മാലിന്യം മറവ് ചെയ്യാൻ മിക്ക കച്ചവടക്കാർക്കും സംവിധാനമില്ല.അധികാരികളുടെ ഭാഗത്തു നിന്നും അടിയന്തര നടപടിയാണ് ആവശ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL