ജില്ലയിലെ മൈതാനങ്ങൾ ഒഴിയുന്നു, കനലണഞ്ഞ് കായിക മേഖല'
തൃശൂർ : ഒരുകാലത്ത് ആവേശകരമായ നിരവധി ടൂർണമെന്റുകൾക്ക് സാക്ഷ്യം വഹിച്ച തൃശൂർ ജില്ലയിൽ ഇന്ന് പേരിന് പോലും ഒരു മേജർ ടൂർണമെന്റ് ഇല്ലാത്ത അവസ്ഥ. വേനൽക്കാലമായാൽ നാട്ടിൻപുറങ്ങളിൽ ഉൾപ്പെടെ ഫുട്ബാൾ, ക്രിക്കറ്റ്, വോളിബാൾ മത്സരങ്ങളുടെ കാലമായിരുന്നു. എന്നാൽ ഇന്ന് കായികമാമാങ്കങ്ങൾ വെറും ടർഫുകളിലേക്ക് മാത്രമായി ചുരുങ്ങി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം ട്രാക്കിലും ഫീൾഡിലും മികച്ച താരങ്ങൾ വളർന്നുവരുന്നതും കുറഞ്ഞു. നിലവിൽ സ്‌കൂൾ കായികമേളകളിൽ നിന്ന് ഉയർന്നുവരുന്ന രണ്ടോ മൂന്നോ താരങ്ങളിലേക്ക് മാത്രമായി ഇത് ചുരുങ്ങി. ആൻസി സോജനെ പോലുള്ള രാജ്യാന്തര കായിക താരങ്ങൾ ജില്ലയിൽ നിന്ന് ഉയർന്നു വരാത്തതിന് പ്രധാന കാരണം അടിസ്ഥാന കായിക സൗകര്യങ്ങളുടെ കുറവാണെന്ന ആക്ഷേപവുമുണ്ട്. കൗമാര താരങ്ങൾക്ക് സ്‌കൂളുകളിൽ പരിശീലനം നടത്തുന്നതിനാവശ്യമായ യാതൊരു സൗകര്യവും നിലവിലില്ല.
എന്ന് വരും ദേശീയ മത്സരം
ആദ്യകാലത്ത് താത്ക്കാലിക ഗ്യാലറികൾ കെട്ടിയുണ്ടാക്കി ആയിരക്കണക്കിന് കാണികളെ ആകർഷിച്ചിരുന്ന തൃപ്രയാർ ടി.എസ്.ജി.എ മൈതാനത്ത് ഒരു വോളിബാൾ ടൂർണമെന്റ് നടന്നിട്ട് കാലമേറെയായി. ഫെഡറേഷൻ കപ്പും സൂപ്പർ ലീഗും മറ്റും അരങ്ങേറിയ തൃപ്രയാറിൽ, സർക്കാരിന്റെതടക്കം കോടികൾ ചെലവഴിച്ച് ഇൻഡോർ സ്റ്റേഡിയം നിർമ്മിച്ചിട്ടും ഒരു മേജർ ടൂർണമെന്റ് പോലും സംഘടിപ്പിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
ഉപേക്ഷിക്കപ്പെട്ട ഫെഡറേഷൻ കപ്പ്
കഴിഞ്ഞ ജനുവരിയിൽ ഫെഡറേഷൻ കപ്പിനായി തൃപ്രയാറിനെ തിരഞ്ഞെടുത്തിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് അടുത്തതോടെ ടൂർണമെന്റ് ഏറ്റെടുക്കാൻ സംഘാടകർ തയ്യാറായില്ല. വൻ സാമ്പത്തിക ബാദ്ധ്യത വരുമെന്നതിനാലും, തിരഞ്ഞെടുപ്പ് സമയത്ത് ആവശ്യത്തിന് സ്‌പോൺസർമാരെ കണ്ടെത്താൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയുമാണ് ടൂർണമെന്റ് ഉപേക്ഷിച്ചത്. തൃശൂരിൽ നിലച്ച് പോയ ചാക്കോള ട്രോഫി ഫുട്ബാൾ ഉൾപ്പെടെ തിരിച്ചു കൊണ്ടുവരുമെന്ന പ്രഖ്യാപനവും നടപ്പായില്ല. മുൻപ് പ്രതിപക്ഷ നേതാവായിരിക്കെ,ഇപ്പോഴത്തെ മുഖ്യമന്ത്രി നടത്തിയ സംവാദത്തിൽ മുൻ ഇന്ത്യൻ ഇന്റർ നാഷണൽ ഫുട്ബാൾ താരം സി.വി.പാപ്പച്ചനുൾപ്പടെയുള്ളവർ നിലച്ച് പോയ ടൂർണമെന്റുകളെ കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. അദ്ദേഹം നൽകിയ വാഗ്ദാനം പ്രാവർത്തികമാകുമെന്ന പ്രതീക്ഷയിലാണ് കായിക പ്രേമികൾ.ജില്ലയിൽ നിന്ന് തന്നെ കായിക മന്ത്രി എത്തിയ സാഹചര്യത്തിൽ കായിക മേഖലയ്ക്ക് വലിയൊരു ഉണർവുണ്ടാകുമെന്ന വിശ്വാസവുമുണ്ട്.