
ചാലക്കുടി: പ്രളയത്തിന്റെ ബാക്കിപത്രമായി 398 സർവേ നമ്പറുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള ജില്ലാ കളക്ടറുടെ ശുപാർശ കോടശ്ശേരിയടക്കം മൂന്ന് പഞ്ചായത്തുകളിൽ ജനജീവിതത്തിന് വെല്ലുവിളിയാകുന്നു. കോടശ്ശേരിയുടെ പടിഞ്ഞാറ്, കിഴക്ക് മേഖലകളിൽ മാത്രമുണ്ടായിരുന്ന നിയന്ത്രണം മറ്റത്തൂർ, കൊടകര പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലേക്കും വ്യാപിച്ചതോടെ നാട്ടുകാർ ആശങ്കയിലാണ്. മൂന്ന് സോണുകളായി തിരിച്ചാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ലാൻഡ് സ്ലൈഡ് മാപ്പിംഗ് തയ്യാറാക്കിയത്. 2018ലെ പ്രളയത്തിൽ കോടശ്ശേരിയിലെ ചന്ദനക്കുന്നിനും ബാലൻപീടികയ്ക്കുമിടയിൽ മലയിലുണ്ടായ മണ്ണിടിച്ചിലാണ് സർവേയ്ക്ക് ആധാരമായത്. തുടർന്ന് ദുരന്തനിവാരണ വിഭാഗം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കോടശ്ശേരി വില്ലേജിലെ ചന്ദനക്കുന്ന് മുതൽ മേച്ചിറ വരെ 1.5 കിലോമീറ്റർ ദൂരത്തിലുള്ള സർവേ നമ്പറുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ വിലക്കിയിരുന്നു.
ഇതോടെ ലൈഫ് പദ്ധതിയിലടക്കമുള്ള വീടുകളുടെ നിർമ്മാണം സ്തംഭിച്ചു. വിലക്കിനെതിരെ കോടശ്ശേരി പഞ്ചായത്തും വിവിധ സംഘടനകളും സമരവുമായി രംഗത്തെത്തി. വിഷയം നിയമസഭയിലുമെത്തി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള ലാൻഡ് മാപ്പിംഗാണ് അംഗീകരിച്ചതെന്ന് പിന്നീട് എം.എൽ.എ അറിയിച്ചതോടെ പ്രശ്‌നത്തിന് താത്കാലിക ശമനമുണ്ടായി.
എന്നാൽ, സർക്കാരിന്റെ അംഗീകാരത്തിനായി ജില്ലാ കളക്ടർ തയ്യാറാക്കി പഞ്ചായത്തിന് നൽകിയ പട്ടികയിൽ സർവേ നമ്പറുകളുടെ എണ്ണം 129ൽ നിന്ന് 398 ആയി ഉയർന്നതോടെ ആശങ്ക വീണ്ടും ശക്തമായി. കോടശ്ശേരി മലയുടെ വടക്കുഭാഗത്തുള്ള കൊടകര, മറ്റത്തൂർ പഞ്ചായത്തുകളിലെ പല പ്രദേശങ്ങളും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. വെള്ളപ്പൊക്കം ബാധിക്കാത്ത കലിക്കൽക്കുന്ന്, കുറ്റിച്ചിറ മേഖലകളും പട്ടികയിലുണ്ട്.
വീടുവയ്ക്കാനും കടമ്പ
റെഡ് സോണിൽ വീടുകളടക്കം ഒരു നിർമ്മാണവും അനുവദിക്കില്ല. ഓറഞ്ച് സോണിൽ വലിയ കെട്ടിടങ്ങളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും നിർമ്മാണത്തിനാണ് നിയന്ത്രണം. പുതിയ ലാൻഡ് മാപ്പിംഗ് അംഗീകരിക്കപ്പെട്ടാൽ പട്ടികയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് വീടും മറ്റ് നിർമ്മാണങ്ങളും നടത്താനാകുമോ എന്ന ആശങ്കയുണ്ട്. നിയന്ത്രണങ്ങൾ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുമെന്നും പരിധിയിൽ ഉൾപ്പെട്ടവർക്ക് താമസസ്ഥലം ഉപേക്ഷിക്കേണ്ടിവരുമെന്ന ഭീതിയുമുണ്ട്.
'മാപ്പിങ്ങിൽ പിഴവ്'
സർവേ മാപ്പിംഗിൽ പിഴവുണ്ട്. മലവെള്ളപ്പാച്ചിലിന്റെ പ്രഭവകേന്ദ്രങ്ങളെ ഒഴിവാക്കിയും കൂടുതൽ സർവേ നമ്പറുകളിലേക്ക് നിരോധനം വ്യാപിച്ചതിലും ദുരൂഹതയുണ്ട്.'
പോളി ഡേവിസ്, കേരള കോൺഗ്രസ് ചാലക്കുടി മണ്ഡലം പ്രസിഡന്റ്
ജിയോളജിക്കൽ സർവേ ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിലെ നിർമ്മാണ വിലക്ക് പൂർണമായും പിൻവലിച്ചെന്ന എം.എൽ.എയുടെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കുന്നതായി. 1,500 ഏക്കർ സ്ഥലത്തുണ്ടായിരുന്ന വിലക്ക് ഇപ്പോൾ 5,000 ഏക്കറായി വർദ്ധിച്ചു.
വി.ജെ. വില്യംസ്, മുൻ പഞ്ചായത്തംഗം
പ്രളയം പോലും ബാധിക്കാത്ത കലിക്കൽക്കുന്ന് പ്രദേശം പട്ടികയിൽ ഉൾപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.
കാര്യാൻ രാമചന്ദ്രൻ, നാട്ടുകാരൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |