വൈറ്റ് ഹൗസ് വെടിവയ്പ്പ്; അക്രമി നാസിർ സ്വയം വിശ്വസിച്ചിരുന്നത് യേശുക്രിസ്തുവെന്ന്
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം വെടിവയ്പ്പ് നടത്തിയ അക്രമി നാസിർ ബെസ്റ്റ് സ്വയം യേശു ക്രിസ്തുവെന്ന് വിശ്വസിച്ചിരുന്നതായി റിപ്പോർട്ട്. മേരിലാൻഡ് സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നാസിറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന നാസിർ നേരത്തെ തന്നെ യുഎസ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നു എന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വൈറ്റ് ഹൗസ് പരിസരത്ത് പ്രവേശിക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ചാണ് പ്രതി വീണ്ടും ഇവിടെയെത്തിയത്.
2025 ജൂൺ 26-ന് വാഷിംഗ്ടണിലെ പതിനഞ്ചാം സ്ട്രീറ്റിൽ ഗതാഗതം തടസപ്പെടുത്തിയതിനെ തുടർന്ന് നാസിറിനെ അധികൃതർ നിർബന്ധിത മാനസികാരോഗ്യ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് ഇവിടെ നിന്നും പുറത്തിറങ്ങിയ ശേഷം ജൂലൈ 10ന് വൈറ്റ് ഹൗസിലെ നിയന്ത്രിത കാൽനടയാത്രാ മേഖലയിലേക്ക് അതിക്രമിച്ചു കയറിയതിന് ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. അന്ന് കസ്റ്റഡിയിലെടുത്ത സമയത്ത് താൻ യേശുക്രിസ്തുവിന്റെ പുനരവതാരമാണെന്നാണ് നാസിർ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. തനിക്ക് അറസ്റ്റിലാകാൻ ആഗ്രഹമുണ്ടായിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. വൈറ്റ് ഹൗസിന് പുറത്തുള്ള സുരക്ഷാ ചെക്ക് പോയിന്റിന് സമീപമാണ് വെടിവയ്പ്പ് നടന്നത്. ഇറാൻ സമാധാന ചർച്ചകളുമായി ബന്ധപ്പെട്ട് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിൽ ഉണ്ടായിരുന്ന സമയത്താണ് ആക്രമണം നടന്നത്.