ബാങ്കുകളുടെ ഈ സേവനം ഉപയോഗിക്കുന്നത് കോടിക്കണക്കിന് ആളുകള്‍, കാരണം ഇങ്ങനെ

Monday 25 May 2026 12:15 AM IST

കൊച്ചി: ഇന്ത്യയിലെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനയെന്ന് എസ്.ബി.ഐ കാര്‍ഡിന്റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇടപാടുകളിലെ വര്‍ദ്ധന, യു.പി.ഐ അധിഷ്ഠിത ക്രെഡിറ്റ് കാര്‍ഡ് ഉപയോഗം, ഉയര്‍ന്ന മൂല്യമുള്ള സാധനങ്ങള്‍ വാങ്ങാനുള്ള ഇ.എം.ഐ സൗകര്യങ്ങള്‍ എന്നിവയാണ് നേട്ടമായത്.

നിലവില്‍ 11.86 കോടിയിലധികം ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രചാരത്തിലുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 23.62 ലക്ഷം കോടി രൂപയുടെ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ നടന്നു. വരുമാനത്തിലുണ്ടായ വര്‍ദ്ധനയും ആധുനിക ജീവിതശൈലിയോടുള്ള താല്‍പ്പര്യവുമാണ് ക്രെഡിറ്റ് കാര്‍ഡിന് പ്രിയം കൂട്ടുന്നത്. എസ്.ബി.ഐ കാര്‍ഡ് വഴിയുള്ള റീട്ടെയില്‍ ചെലവിടല്‍ മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം വളര്‍ന്ന് 3.54 ലക്ഷം കോടി രൂപയിലെത്തി.

ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുകള്‍, പലചരക്ക് സാധനങ്ങള്‍, യൂട്ടിലിറ്റി ബില്ലുകള്‍, ഇന്ധനം, വസ്ത്രങ്ങള്‍, റെസ്റ്റോറന്റുകള്‍ എന്നിവയ്ക്കായി ആളുകള്‍ കാര്‍ഡുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു. സ്മാര്‍ട്ട്‌ഫോണുകള്‍, മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ വാങ്ങുന്നതിനായി ഇ.എം.ഐ സൗകര്യം പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണവും കൂടി.