ഓൺ സ്‌ക്രീൻ മാർക്കിംഗ് കൊണ്ടുവന്നവർ അറിയണം വിദേശത്ത് അത് എങ്ങനെ നടപ്പാക്കുന്നുവെന്ന്, എടുത്തുചാടിയിട്ട് കാര്യമില്ല
ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ്ടു വിദ്യാർത്ഥികളുടെ ഭാവിതുലപ്പിച്ചത് ഓൺ സ്‌ക്രീൻ മാർക്കിംഗ് (ഒഎസ്എം) ആണെന്നാണ് പൊതുവെയുള്ള ആരോപണം. വെറുതെ ഉന്നയിക്കുകയല്ല വിദ്യാർത്ഥികളും രക്ഷിതാക്കളും ഉദാഹരണങ്ങൾ നിരത്തുന്നുമുണ്ട്. പൂർണമായും ശരിയായ ഉത്തരങ്ങൾക്ക് എഴുതിയപ്പോൾ പൂജ്യം മാർക്ക്. ചില ഉത്തരങ്ങളാണെങ്കിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ചുമനസിലാക്കാൻ പോലും കഴിയാത്തത്ര അവ്യക്തവും. ഇതിനും കിട്ടി പൂജ്യം മാർക്ക്. സ്കാനിംഗിലെയും മൂല്യനിർണയത്തിലെയും ഗുരുതര പിഴവുകളാണ് ഇതെല്ലാം വിരൽ ചൂണ്ടുന്നത്. വിദേശ രാജ്യങ്ങളിലടക്കം പരീക്ഷിച്ച് പൂർണമായി വിജയിച്ച സമ്പ്രദായമാണ് ഓൺ സ്‌ക്രീൻ മാർക്കിംഗ്. തെറ്റുകുറ്റങ്ങൾ ഒട്ടും ഇല്ലാതെ നൂറുശതമാനം പെർഫെക്ടായാണ് അവിടങ്ങളിൽ കാര്യങ്ങൾ നടക്കുന്നത്. പക്ഷേ അത് ഇവിടെ നടത്തിയപ്പോൾ അപ്പടി പിഴച്ചു.
ഏതൊക്കെ രാജ്യങ്ങളിലാണ് വിജയകരമായി ഓൺ സ്‌ക്രീൻ മാർക്കിംഗ് രീതി നടപ്പാക്കുന്നതും അത് എങ്ങനെയെന്നും നോക്കാം. പേര് ഒന്നാണെങ്കിലും ഇവിടെ നടപ്പാക്കിയിരിക്കുന്ന രീതിയിൽ നിന്ന് വളരെ വ്യത്യസ്തമാണ് മറ്റുരാജ്യങ്ങളിൽ നടപ്പാക്കുന്നത്. അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, സിംഗപ്പൂർ തുടങ്ങിയിടങ്ങളിലാണ് ഓൺ സ്‌ക്രീൻ മാർക്കിംഗ് പ്രധാനമായി നടപ്പിലാക്കുന്നത്. വർഷങ്ങളായി തുടരുന്ന ഈ രീതിയിൽ ഇവിടത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നൂറുശതമാനവും വിശ്വാസവുമാണ്.
ബ്രിട്ടനിലെ ഓൺ സ്‌ക്രീൻ മാർക്കിംഗ് രീതിയുടെ പ്രധാന സവിശേഷകൾ എന്തൊക്കെയാണെന്ന് അറിയുമ്പോൾ വ്യക്തമാകും ഇന്ത്യയിൽ പേരുദോഷം കേൾക്കാൻ ഇടയാക്കിയ കാരണങ്ങൾ. ഓൺ സ്‌ക്രീൻ മാർക്കിംഗ് രീതിക്ക് അനുയോജ്യമായ രീതിയിൽ പരീക്ഷ എഴുതാൻ ഇവിടത്തെ വിദ്യാർത്ഥികൾക്ക് തുടക്കംമുതൽ പരിശീലനം നൽകും. പരീക്ഷ കഴിഞ്ഞാലുടൻ ഉത്തരക്കടലാണ് വ്യക്തമായി സ്കാൻ ചെയ്യും. ഇതിൽ അപാകതകൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകർക്ക് വിദ്യാർത്ഥിയുടെ പേര്, സ്കൂൾ, ഏത് ജില്ലയിലേതാണ് എന്നതുൾപ്പെടെ ഒരു വിവരവും വ്യക്തമാകുന്നില്ല എന്ന് ഉറപ്പാക്കുകയും ചെയ്യും. തീർത്തും നിഷ്പക്ഷമായ രീതിയിരിലായിരിക്കും ഇതെല്ലാം ചെയ്യുന്നത്. ഇനിയാണ് ഏറ്റവും പ്രധാനകാര്യം. ക്വസ്റ്റ്യൻ ബേസ്ഡ് വാല്യുവേഷനാണ് ഇത്. അതായത് സ്കാൻ ചെയ്ത ഉത്തരക്കടലാസ് മുഴുവൻ ഒരുമിച്ച് സ്ക്രീനിൽ ലഭ്യമാകുന്നതിന് പകരം അദ്ധ്യാപകന് മുന്നിലുള്ള സ്ക്രീനിൽ ഓരോ ചോദ്യവും അതിന് ഉത്തരക്കടലാസിലുള്ള ഉത്തരവും ലഭ്യമാകും. ഇത് കൃത്യമായ മാർക്കിംഗ് നടത്താൻ സഹായിക്കും. അതായത് ശരിയുത്തരമാണെങ്കിൽ മുഴുവൻ മാർക്കുതന്നെ ലഭിക്കും. പകുതിയാണ് ശരിയെങ്കിൽ അതിനുള്ള മാർക്കും ലഭിക്കും.
അടുത്ത പടിയാണ് ക്വാളിറ്റി കൺട്രോൾ. ഓരോ അദ്ധ്യാപകന്റെയും മാർക്കിംഗ് രീതി ബോർഡിൽ ഉന്നത തലങ്ങളിലുള്ളവർ തുടർച്ചായി നിരീക്ഷിക്കും. തിരുത്തേണ്ടതായ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടാൽ ഉടൻ അവരെ അറിയിക്കും. ഒപ്പം അത് തിരുത്താൻ ആവശ്യപ്പെടുകയും ചെയ്യും. ഇതിനാൽ മാർക്കിൽ ഒരുതരത്തിലും പിഴവ് ഉണ്ടാവില്ല. ഉത്തരക്കടലാസുകൾ എല്ലാം നോക്കിയശേഷം ലഭിച്ച മാർക്കുകൾ എല്ലാം കൂട്ടിനോക്കുന്നതും കമ്പ്യൂട്ടർ സഹായത്തോടെതന്നെയാവും. അതിനാൽ ഇതിലും പിഴവുണ്ടാവില്ല.
ഇന്ത്യയിൽ സംഭവിച്ചത്
യാതൊരു മുന്നൊരുക്കവും ഇല്ലാതെ വളരെപ്പെട്ടെന്ന് നടപ്പാക്കിയതാണ് ഇന്ത്യയിൽ പ്രശ്നമായത്. കഴിഞ്ഞ അദ്ധ്യയനവർഷം മദ്ധ്യത്തോടെയാണ് ഇത്തരമൊരു രീതി നടപ്പാക്കുന്നു എന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നത്. അധികം വൈകാതെതന്നെ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവും വന്നു. ഇതിനുപിന്നാലെ പരിശീലനവും തുടങ്ങി. ഒന്നോ രണ്ടോ ആഴ്ചകൾ മാത്രമാണ് ഇത്. പരിശീലനത്തിൽ പങ്കെടുത്ത അദ്ധ്യാപകരിൽ പലരും വേണ്ടത്ര കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്തവരായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇവരെയെല്ലാം ഉപയോഗപ്പെടുത്തി ഒരു സുപ്രഭാതത്തിൽ ഒഎസ്എം നടപ്പിലാക്കാൻ ഇറങ്ങിത്തിരിച്ചാൽ എങ്ങനെയായിരിക്കും എന്നറിയാൻ പുറത്തുവരുന്ന ഉത്തരക്കടലാസുകളുടെ ദൃശ്യങ്ങൾ നോക്കിയാൽ മതി.
സ്കാനിംഗ് അപാകതയും മൂല്യനിർണയത്തിൽ പ്രശ്നമായി. തോന്നും പോലെ സ്കാൻചെയ്തതിനാൽ ഉത്തരങ്ങൾ പലതും അവ്യക്തമായിരുന്നു. സയൻസ്, കണക്ക് വിഷയങ്ങളിൽ കുത്തും കോമയും പോലും പ്രാധാന്യമുണ്ടായിരിക്കെയാണ് ഇതെന്ന് ഓർക്കണം. തിടുക്കപ്പെട്ട നടപ്പാക്കാതെ എല്ലാ പോരായ്മകളും തീർത്ത് നടപ്പാക്കിയാൽ ഓൺ സ്‌ക്രീൻ മാർക്കിംഗ് ഒരു പരാതിയും കേൾക്കാതെ മുന്നോട്ടുകൊണ്ടുപാേകാനാവും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. പക്ഷേ, ഇതിന് രണ്ടോ മൂന്നോ വർഷത്തെ മുന്നൊരുക്കൾ വേണമെന്ന് മാത്രം.