
അടുത്തിടെ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചകൾക്ക് വഴിതെളിയിച്ച ഒന്നാണ് 370 രൂപയുടെ ബിരിയാണി. സ്റ്റാൻഡ് അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിയിൽ പങ്കെടുത്ത യുവാവ് തന്റെ അനുഭവകഥ വിവരിച്ചതാണ് വിവാദമായത്. ഒരു യുവതിയുമായി ഡേറ്റിംഗിന് പോയതിന്റെ അനുഭവം ഹിമാൻഷു ജാംഗ്രയെന്ന യുവാവ് വിവരിച്ചത് വിമർശനങ്ങൾക്കിടയാക്കുകയായിരുന്നു.
താൻ ഒരു യുവതിയുമായി ഡേറ്റിംഗിന് പോയെന്നും അവർക്ക് ഭക്ഷണം കഴിക്കാൻ വാങ്ങിക്കൊടുത്തുവെന്നും ഹിമാൻഷു പറഞ്ഞു. ഭക്ഷണശേഷം യുവതി വീട്ടിൽ കൊണ്ടുവിടാൻ പറഞ്ഞു. അപ്പോൾ 370 രൂപയുടെ ബിരിയാണി വാങ്ങി നൽകിയതല്ലേയെന്നും അതിന് പകരമായി തനിക്ക് എന്തെങ്കിലും ലഭിക്കാൻ അർഹതയുണ്ടെന്നും യുവതിയോട് പറഞ്ഞതായി ഇയാൾ വെളിപ്പെടുത്തി. ഇതുകേട്ട് മറ്റ് കാണികളും പ്രണീത് മോറെയും പൊട്ടിച്ചിരിച്ചു.
ഈ വെളിപ്പെടുത്തൽ കടുത്ത വിമർശനങ്ങൾക്കിടയാക്കുകയാണ്. സ്ത്രീകൾക്ക് ആഹാരം വാങ്ങി നൽകുകയെന്നാൽ അവരുടെ ശരീരത്തിൽ അധികാരം ഉറപ്പിച്ചു എന്നർത്ഥമില്ലെന്ന് പലരും ചൂണ്ടിക്കാട്ടി. സ്ത്രീകളുടെ ശരീരത്തിന് വിലയിടാനാകില്ലെന്നും പലരും പറഞ്ഞു. സംഭവം വലിയ വിവാദമായതോടെ ഹിമാൻഷു മാപ്പ് പറയുകയും അക്കൗണ്ട് ഡിയാക്‌ടിവേറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇയാൾക്ക് ജോലി നഷ്ടമായിരിക്കുകയാണ്.
സ്റ്റാർവിക് ഡിസൈൻ എന്ന കമ്പനിയിലാണ് ഹിമാൻഷു ജോലി ചെയ്തിരുന്നത്. വിവാദം ശക്തമായതോടെ ഹിമാൻഷുവിനെ പിരിച്ചുവിട്ടതായി കമ്പനിയുടെ സ്ഥാപകനായ വിവേക് വിശ്വകർമ ഇൻസ്റ്റാഗ്രാമിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ജോലി സ്ഥലത്ത് ഹിമാൻഷു ആളുകളെ ബഹുമാനിക്കുന്ന, നല്ല സ്വഭാവമുള്ളയാളാണെന്നും എന്നാൽ വിവാദങ്ങൾ കമ്പനിയെ ബാധിച്ചെന്നും അതിനാലാണ് ഹിമാൻഷുവിനെ പുറത്താക്കിയതെന്നും വിവേക് ഇൻസ്റ്റാഗ്രാം വീഡിയോയിൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |