വിരലടയാളം നൽകാതെ പെൻഷൻ തുക കിട്ടില്ല; 90 വയസുകാരിയെയും ചുമന്ന് മരുമകൾ നടന്നത് ഒമ്പത് കിലോമീറ്റർ

Sunday 24 May 2026 5:49 PM IST

റായ്‌പൂർ: ക്ഷേമപെൻഷൻ വാങ്ങാനായി 90 വയസുകാരിയായ ഭർതൃമാതാവിനെ തോളിലേറ്റി ഒമ്പത് കിലോമീറ്റർ നടന്ന് ആദിവാസി യുവതി. ഛത്തീസ്‌ഗഡിലെ സുർഗുജയിലാണ് സംഭവം. മെയിൻപാറ്റ് മേഖലയിലെ സുഖ്‌മാനിയ ബായ് എന്ന യുവതിയാണ് പെൻഷൻ തുക കൈപ്പറ്റാനായി കിടപ്പുരോഗിയായ ഭർതൃമാതാവിനെയും ചുമലിലേറ്റി നടന്നത്.

ബാങ്കിൽ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ചാൽ മാത്രമേ പെൻഷൻ തുക ലഭിക്കുവെന്ന നിബന്ധനയുള്ളതിനാലാണ് ഈ വഴി സ്വീകരിച്ചതെന്ന് സുഖ്‌മാനിയ പറയുന്നു. കുൻവ പ്രദേശത്തെ ജംഗൽപാറ ഗ്രാമത്തിലാണ് സ്ത്രീയും കുടുംബവും താമസിക്കുന്നത്. ഈ സ്ഥലത്തിന് ഏകദേശം 1.5 കിലോമീറ്റർ അകലെയായി ഒരു അരുവി ഒഴുകുന്നുണ്ട്. അരുവിക്ക് കുറുകെ പാലം ഇല്ലാത്തതിനാൽ ഇതുവഴി വാഹനങ്ങൾ പോകാറില്ല. ഈ കാരണങ്ങളാലാണ് ഇത്രയും ദൂരം കാൽനടയായി യാത്രചെയ്യേണ്ടി വരുന്നത്.

മുൻകാലങ്ങളിൽ ഉദ്യോഗസ്ഥർ വീട്ടിൽ നേരിട്ടെത്തി പെൻഷൻ തുക നൽകാറുണ്ടായിരുന്നെങ്കിലും കുറച്ച് മാസങ്ങളായി അത് മുടങ്ങിക്കിടക്കുകയാണ്. അതേതുടർന്നാണ് ഇത്തരത്തിൽ കൽനടയായി പോയി പെൻഷൻ തുക കൈപ്പറ്റുന്നതെന്നും യുവതി പറയുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സർക്കാരിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. സേവനങ്ങൾ വീട്ടുപടിക്കൽ എത്തുമെന്ന് സർക്കാ‌ർ അവകാശപ്പെടുമ്പോഴും ഉൾനാടൻ ഗ്രാമങ്ങളിലെ ജനങ്ങൾ ഗതാഗതസൗകര്യം പോലുമില്ലാതെ കഷ്‌ടപ്പെടുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം കടുക്കുകയാണ്. ശാരീരികമായി പരിമിധികളുള്ളവർക്കുപോലും അടിസ്ഥാന ആവശ്യങ്ങൾക്കായി ഇത്ര ദൂരം സഞ്ചരിക്കേണ്ടി വരുന്നത് നിയമത്തിന്റെ വീഴ്‌ചയാണെന്ന് നിരവധിപേർ ചൂണ്ടിക്കാട്ടുന്നു.