SignIn
Kerala Kaumudi Online
Sunday, 24 May 2026 2.15 PM IST

എയർഇന്ത്യയിൽ കൂട്ട പ്രതിഷേധലീവ്, 86 വിമാനം റദ്ദാക്കി, 20,000 പേർ കുടുങ്ങി  കേരളത്തിൽ മാത്രം 3800 പേർ പെട്ടു

air

ന്യൂഡൽഹി: മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച് ജീവനക്കാർ കൂട്ട അവധിയെടുത്തതോടെ എയർഇന്ത്യ എക്‌സ്‌പ്രസിന്റെ 86 സർവീസുകൾ ഇന്നലെ മുടങ്ങി. ഇതുപതിനായിരത്തിലേറെ യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ചൊവ്വാഴ്ച രാത്രി തുടങ്ങിയ അപ്രതീക്ഷിത സമരം തുടരുകയാണ്. സിവിൽ വ്യോമയാനമന്ത്രാലയം റിപ്പോർട്ട് തേടി.

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളവരുൾപ്പെടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. വിസ കാലാവധി തീർന്നവരും അത്യാവശ്യ യാത്രക്കാരുമാണ് നല്ലൊരു പങ്കും. സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളിൽ 27 സർവീസുകൾ മുടങ്ങി. 3800 പേരാണ് കുടുങ്ങിയത്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സർവീസ് റദ്ദാക്കിയതറിയുന്നത്.

കരിപ്പൂരിൽ 14 വിമാനം മുടങ്ങി 1400 പേർ, കൊച്ചിയിൽ അഞ്ചെണ്ണം റദ്ദാക്കി 900 പേർ, തിരുവനന്തപുരത്ത് അഞ്ചെണ്ണം റദ്ദാക്കി 1000 പേർ, കണ്ണൂരിൽ മൂന്ന് വിമാനങ്ങളിൽ പോകേണ്ട 500 പേർ എന്നിങ്ങനെയാണ് എയർപോർട്ടിൽ കുടുങ്ങിയത്.

എയർലൈൻ ജീവനക്കാർ കൃത്യമായ മറുപടി നൽകാത്തത് പലേടത്തും സംഘർഷത്തിനിടയാക്കി. രണ്ടു ദിവസം കഴിഞ്ഞുള്ള ടിക്കറ്റ് വാഗ്‌ദാനം പലരും തള്ളി. യാത്ര വേണ്ടാത്തവർക്ക് ടിക്കറ്റിന്റെ മുഴുവൻ തുകയും റീഫണ്ടു ചെയ്യുമെന്ന് എയർഇന്ത്യ അറിയിച്ചു. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സർവീസുകളെയും സമരം ബാധിച്ചു.

300 ക്യാബിൻ ക്രൂ അംഗങ്ങളാണ് കൂട്ടത്തോടെ സിക്ക് ലീവെടുത്തത്. അവർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌തതിനാൽ ബന്ധപ്പെടാനായില്ല. തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. ടാറ്റയുടെ കീഴിലുള്ള വിസ്‌താരയിലും സമാന സമരത്തെ തുടർന്ന് അടുത്തിടെ 150 സർവീസുകൾ മുടങ്ങിയിരുന്നു.

എയർ ഇന്ത്യയ്ക്ക്
കോടി​കളുടെ നഷ്ടം


 86 ഫ്ളൈറ്റുകൾ റദ്ദാക്കിയതിൽ എയർ ഇന്ത്യയ്ക്ക് നഷ്ടം കോടികൾ. കൃത്യമായ കണക്ക് ലഭി​ക്കാൻ ദി​വസങ്ങളെടുക്കും.

 ഫ്ളൈറ്റ് റദ്ദാക്കുമ്പോൾ ഡി​.ജി​.സി​.എ ചട്ടമനുസരി​ച്ച് യാത്രക്കാർക്ക് ഭക്ഷണവും താമസവുമുൾപ്പടെ നൽകണം

 പകരം യാത്ര വേണ്ടാത്തവർക്ക് ടി​ക്കറ്റ് നി​രക്ക് മടക്കി​ നൽകണം. വി​മാനങ്ങൾ എയർപോർട്ടുകളി​ൽ കി​ടക്കുന്നതി​നും വൻതുക ഹാംഗർ വാടക വരും

 2012ൽ എയർ ഇന്ത്യ പൈലറ്റുമാർ നടത്തി​യ 49 ദി​വസത്തെ സമരത്തിൽ കമ്പനിക്ക് 500 കോടി​ രൂപയുടെ നഷ്ടമുണ്ടായി​

ഡൽഹി-ശ്രീനഗർ വിമാനം റദ്ദായതോടെ ബുദ്ധിമുട്ടിലായ

മുൻ കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ് എയർ ഇന്ത്യ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു.

''2022ൽ ടാറ്റ ഏറ്റെടുത്തപ്പോൾ വാഗ്‌ദാനം ചെയ്‌ത തൊഴിൽ സുരക്ഷ, ശമ്പള വ‌ർദ്ധന, എച്ച്.ആർ.എ പുനഃസ്ഥാപിക്കൽ എന്നിവ പാലിക്കാത്തതിലാണ് പ്രതിഷേധം. ഏറ്റെടുക്കലിനുശേഷം രണ്ടു വർഷത്തേക്ക് ജീവനക്കാരെ പുറത്താക്കില്ലെന്ന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഉറപ്പും ലംഘിക്കപ്പെട്ടു. പരാതിപ്പെടുന്നവരെ അടിച്ചമർത്തുന്നു. ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ വ്യക്തിപരമായി ഇടപെടണം.

-എയർ ഇന്ത്യ എക്‌സ്‌പ്രസ് എംപ്ലോയീസ് യൂണിയൻ

''പ്രശ്‌നം പരിഹരിക്കാൻ ജീവനക്കാരുമായി ചർച്ച നടക്കുകയാണ്. അപ്രതീക്ഷിത ബുദ്ധിമുട്ടുകൾക്ക് യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു.

-എയർഇന്ത്യ മാനേജ്‌മെന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, AIR INDIA EXPRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360