SignIn
Kerala Kaumudi Online
Wednesday, 10 June 2026 3.59 AM IST

തുറന്നടിച്ച് സുപ്രീംകോടതി: ഒഡിഷ കോടതി കാട്ടിയത് ക്രൂരമായ ജാതിവിവേചനം

READ ENGLISH VERSION
sc


ദളിത് പ്രതികൾ പൊലീസ് സ്റ്റേഷൻ തൂത്തുവാരണമെന്ന ജാമ്യഉപാധി

ന്യൂഡൽഹി: ദളിത്-ആദിവാസി വിഭാഗത്തിലെ പ്രതികൾ പൊലീസ് സ്റ്റേഷനുകളും ബാങ്കുകളും മറ്റും വൃത്തിയാക്കണമെന്ന് ഒഡിഷയിലെ കോടതികൾ ജാമ്യഉപാധി വയ്ക്കുന്നത് ജാതിവിവേചനമാണെന്ന് തുറന്നടിച്ച് സുപ്രീംകോടതി. ഈ ഉപാധി ക്രൂരവും വെറുപ്പുളവാക്കുന്നതുമാണ്. മനുഷ്യാവകാശ ലംഘനമാണിത്. പിന്നാക്ക വിഭാഗത്തിന്റെ അന്തസിന് നേർക്കുള്ള പിന്തിരിപ്പൻ മനോഭാവമാണ് ഒഡിഷയിലെ ജുഡിഷ്യറിയിൽ നിന്നുണ്ടായത്.

പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിനെതിരായ വിവേചനം തുറന്നുകാട്ടുന്നതാണ് ഇത്തരം ജാമ്യഉപാധികളെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. സ്വമേധയാ കേസെടുത്ത് ഇന്നലെ പരിഗണിക്കുകയായിരുന്നു. കടുത്ത നിരാശയും ശക്തമായ വിയോജിപ്പും കോടതി രേഖപ്പെടുത്തി. ഒഡിഷയിലെ ജുഡിഷ്യറി ജാതി അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്നുവെന്ന പ്രചാരണത്തിനിടയാക്കുമെന്ന മുന്നറിയിപ്പും നൽകി. സമത്വത്തിലൂന്നിയ,​ ജാതിരഹിത സമൂഹം ഭരണഘടന ഉറപ്പുനൽകുന്നതാണെന്ന് സുപ്രീംകോടതി ഓ‌ർമ്മിപ്പിച്ചു. ജാതിനിറം നൽകുന്ന,​ സമൂഹത്തെ ഭിന്നിപ്പിക്കുന്ന വ്യവസ്ഥകൾ വയ്‌ക്കുന്നതിൽ നിന്ന് സംസ്ഥാന ജുഡിഷ്യറി വിട്ടുനിൽക്കണം. പ്രതികൾക്ക് ഒഡിഷ ഹൈക്കോടതിയെ സമീപിച്ച് ഈ ജാമ്യഉപാധി റദ്ദാക്കി വാങ്ങാവുന്നതാണ്. പ്രതികളുടെ ജാമ്യം നിലനിൽക്കുമെന്നും പരമോന്നത കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പാണിഗ്രഹി ഇറക്കിയത്

50ൽപ്പരം ഉത്തരവുകൾ

2025 ഏപ്രിൽ മുതൽ സെപ്‌തംബർ വരെയുള്ള ആറു മാസത്തിനിടെ ഒഡിഷ ഹൈക്കോടതി ജഡ്‌ജി എസ്.കെ. പാണിഗ്രഹി മാത്രം 50ൽപ്പരം ഉത്തരവുകളാണ് ഇറക്കിയത്. മോഷണക്കേസ് മുതൽ കൊലപാതകക്കുറ്റം വരെ ചുമത്തിയ കേസുകളിലായിരുന്നു ജാമ്യഉപാധി. വായ്‌പ അടയ്‌ക്കാൻ വീഴ്ച വരുത്തിയതിന് തട്ടിപ്പുക്കേസിൽപ്പെട്ട സ്ത്രീയോട് ലോണെടുത്ത അതേ സ്വകാര്യ ബാങ്ക് ശാഖയുടെ തറ തുടയ്‌ക്കാനായിരുന്നു നിർദ്ദേശം. രാവിലെ 6നും 10നും ഇടയ്‌ക്ക് മൂന്നു മണിക്കൂറോളമാണ് ക്ലീനിംഗ് ഡ്യൂട്ടി. ഒന്നു മുതൽ മൂന്നു മാസം വരെ തുടർച്ചയായ ദിവസങ്ങളിൽ ജോലി ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360