സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് : ഉത്തരക്കടലാസുകളുടെ പകർപ്പിനായി അപേക്ഷിക്കാനുള്ള സമയം നീട്ടി
ന്യൂഡൽഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ ഉത്തരക്കടലാസ് ലഭിക്കാനുള്ള സമയം നീട്ടി. ഉത്തരക്കടലാസുകൾക്കായി നാളെ അർദ്ധരാത്രി വരെ അപേക്ഷകൾ സമർപ്പിക്കാമെന്ന് സി.ബി.എസ്.ഇ അധികൃതർ അറിയിച്ചു. സി ബി എസ് ഇയുടെ വെബ്സൈറ്റിലുണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് അപേക്ഷ നൽകാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഒരു ദിവസം കൂടി നീട്ടി നൽകാൻ അധികൃതർ തീരുമാനിച്ചത്. ഉത്തരക്കടലാസ് പകർപ്പ് പരിശോധിച്ചുവേണം വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ. ഇതിനുള്ള പുതുക്കിയ തീയതിയും പ്രഖ്യാപിച്ചിട്ടില്ല.
അതിനിടെ പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ ഐ.ഐ.ടി മദ്രാസിലെ പ്രൊഫസർമാർ ഉൾപ്പെടുന്ന പ്രത്യേക വിദഗ്ധ സംഘത്തെ കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്. ഫീസ് അടയ്ക്കുന്നതിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനായി വിവിധ ബാങ്കുകളോടും കേന്ദ്ര സർക്കാർ സഹായം അഭ്യർഥിച്ചിട്ടുണ്ട്.
പകർപ്പിന് അപേക്ഷിക്കാനുള്ള പോർട്ടൽ മേയ് 19ന് തുടങ്ങിയത് മുതൽ തകരാറിലായത് വിദ്യാർത്ഥികളെ വലച്ചിരുന്നു. ഇത് മൂന്നാംതവണയാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടുന്നത്. പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. മൂല്യനിർണയം വേഗത്തിലാക്കാനും ചെലവു കുറയ്ക്കാനും ലക്ഷ്യമിട്ട് ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ മൂല്യനിർണയം നടത്തുന്ന ഓൺസ്ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ പിഴവുമൂലം വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് പോർട്ടൽ തകരാറും വിദ്യാർത്ഥികളെ വലച്ചത്.