ഉത്തരമില്ലാതെ സി.ബി.എസ്.ഇ, പോർട്ടൽ തകരാറിൽ വലഞ്ഞ് വിദ്യാർത്ഥികൾ

Monday 25 May 2026 2:14 AM IST

ന്യൂഡൽഹി: പോർട്ടലിന്റെ സാങ്കേതിക തകരാർ കണക്കിലെടുത്ത് സി.ബി.എസ്.ഇ 12-ാം ക്ളാസ് ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാൻ വിദ്യാർത്ഥികൾക്ക് ഇന്ന് അർദ്ധരാത്രിവരെ സമയം നീട്ടി നൽകി. എന്നാൽ, നേരത്തെ അപേക്ഷിച്ചവരിൽ പലർക്കും ഇന്നലെയും ഉത്തരക്കടലാസ് പകർപ്പ് ലഭിച്ചിട്ടില്ല. ഇന്നലെ പോർട്ടൽ ഒരുവിധം പ്രവർത്തിച്ചെങ്കിലും മുഴുവൻ വിദ്യാർത്ഥികൾക്കും ലോഗിൻ ചെയ്‌ത് അപേക്ഷിക്കാനായില്ല.

ഉത്തരക്കടലാസ് പകർപ്പ് പരിശോധിച്ചുവേണം വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാൻ. ഇതിനുള്ള പുതുക്കിയ തീയതിയും പ്രഖ്യാപിച്ചിട്ടില്ല. അതിനിടെ പോർട്ടൽ തകരാർ പരിഹരിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ മദ്രാസ് ഐ.ഐ.ടി വിദഗ്‌ദ്ധരെ നിയോഗിച്ചു. പോർട്ടലിലെ ലോഗിൻ, പണമടയ്ക്കൽ സേവനങ്ങളിലെ പ്രശ്‌നങ്ങൾ തുടങ്ങിയവ പരിഹരിക്കുകയാണ് ദൗത്യം. അതേസമയം, തകരാർ പരിഹരിക്കാൻ എത്ര ദിവസമെടുക്കുമെന്ന് വ്യക്തമായിട്ടില്ല.

ഓൺലൈൻ മൂല്യനിർണയം പാളിയെന്ന വാർത്ത പരന്നതിനു പിന്നാലെ ഉത്തരക്കടലാസ് പകർപ്പിനായി വിദ്യാർത്ഥികൾ കൂട്ടത്തോടെ അപേക്ഷിച്ചതാണ് സി.ബി.എസ്.ഇ പോർട്ടലിന്റെ പ്രവർത്തനത്തെ അവതാളത്തിലാക്കിയത്. പകർപ്പിന് അപേക്ഷിക്കാനുള്ള പോർട്ടൽ മേയ് 19ന് തുടങ്ങിയത് മുതൽ തകരാറിലായത് വിദ്യാർത്ഥികളെ വലച്ചിരുന്നു. ഇത് മൂന്നാംതവണയാണ് അപേക്ഷിക്കാനുള്ള തീയതി നീട്ടുന്നത്. പുനർമൂല്യ നിർണയത്തിന് അപേക്ഷിക്കാൻ കൂടുതൽ സമയം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.

മൂല്യനിർണയം വേഗത്തിലാക്കാനും ചെലവു കുറയ്‌ക്കാനും ലക്ഷ്യമിട്ട് ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്‌ത് കമ്പ്യൂട്ടറിൽ മൂല്യനിർണയം നടത്തുന്ന ഓൺസ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ പിഴവുമൂലം വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിക്കാത്തത് ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. പിന്നാലെയാണ് പോർട്ടൽ തകരാറും വിദ്യാർത്ഥികളെ വലയ്ക്കുന്നത്.

അധിക തുക

മടക്കി നൽകും

പോർട്ടലിന്റെ സാങ്കേതിക തകരാറിനെ തുടർന്ന് നിശ്ചിത തുകയ്ക്കു പകരം വൻതുക അടയ്ക്കേണ്ടിവന്ന വിദ്യാർത്ഥികൾക്ക് ആ തുക അക്കൗണ്ടിലേക്ക് മടക്കി നൽകുമെന്ന്

സി.ബി.എസ്.ഇ അറിയിച്ചു. ഒരു വിഷയത്തിനുള്ള 100 രൂപയ്‌ക്ക് പകരം 8,000 മുതൽ 69,420 രൂപ വരെ അടയ്‌ക്കേണ്ടി വന്നിരുന്നു. പോർട്ടലിലെ പണമിടപാടുമായി ബന്ധപ്പെട്ട തടസം നീക്കാൻ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ, ബാങ്ക് ഒഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിവ സി.ബി.എസ്.ഇയെ സഹായിക്കും. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമനുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്.

ഉദ്യോഗസ്ഥർക്കെതിരെ

നടപടി വന്നേക്കും

പോർട്ടൽ തകരാറിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സി.ബി.എസ്.ഇയിൽ നിന്ന് റിപ്പോർട്ട് തേടി. വെബ്‌സൈറ്റ് കൈകാര്യം ചെയ്‌തവരുടെ വിവരങ്ങളും തേടിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയും വന്നേക്കും.