നാല് ഹൈക്കോടതികളിൽ വനിതാ ചീഫുമാർ

Monday 25 May 2026 12:59 AM IST

ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി നാല് ഹൈക്കോടതികളിൽ വനിതാ ചീഫ് ജസ്റ്റിസുമാർ. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് സുനിത അഗർവാൾ, മേഘാലയ ഹൈക്കോടതിയിലെ ജസ്റ്റിസ് രേവതി മോഹിതെ ഡെറെ, ആന്ധ്രാപ്രദേശ് ഹൈക്കോടതിയിലെ ജസ്റ്റിസ് ലിസ ഗിൽ എന്നിവർക്ക് പുറമെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മീനാക്ഷി എം റായി നിയമതയായതോടെ ആണിത്.

പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് സംഗം കുമാർ സാഹു ജൂൺ 4 ന് വിരമിക്കുന്ന ഒഴിവിൽ സിക്കിം ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് മീനാക്ഷിയെ നിയമിക്കാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്‌തിരുന്നു. മുൻ സിക്കിം ആഭ്യന്തര സെക്രട്ടറി മദൻ മോഹൻ രസൈലിയുടെ മകളാണ്. ഇന്ത്യയിൽ 25 ഹൈക്കോടതികളുണ്ട്.