രണ്ടാമത്തെ പോസ്റ്റ്മോർട്ടം കഴിഞ്ഞു, 12 ദിവസത്തിനുശേഷം ട്വിഷയുടെ മൃതദേഹം സംസ്കരിച്ചു

Monday 25 May 2026 12:34 AM IST

 എയിംസിലെ വിദഗ്ദ്ധ സംഘമെത്തി

 മൃതദേഹം ഉടൻ സംസ്‌കരിക്കും

ഭോപ്പാൽ: നടിയും മോഡലുമായ ട്വിഷ ശർമ്മയുടെ മരണത്തെച്ചൊല്ലി വിവാദം തുടരുന്നതിനിടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്ത് സംസ്കരിച്ചു. മദ്ധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് 11 ദിവസത്തിനുശേഷം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തിയത്. ഇന്നലെ വൈകിട്ട് അഞ്ചോടെ ഭോപ്പാലിലെ ഭാദ്ഭഡയിലുള്ള ശ്മശാനത്തിൽ അന്ത്യകർമ്മങ്ങൾ നടത്തി. വീണ്ടും പോസ്റ്ര്‌മോർട്ടം ചെയ്തതിനാലും ശരീരത്തിൽ പരിക്കുകളുള്ളതിനാലും മൃതദേഹം സൂക്ഷിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു.

ഡൽഹിയിൽ സംസ്കരിക്കണമെന്നായിരുന്നു കുടുംബത്തിന്റെ ആഗ്രഹം. എന്നാൽ അങ്ങോട്ട് കൊണ്ടുപോകുന്നത് പ്രായോഗികമായിരുന്നില്ലെന്ന് സഹോദരൻ ഹർഷിത് ശർമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആദ്യ പോസ്റ്ര്‌മോർട്ടം റിപ്പോർട്ടിൽ കൃത്രിമം നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തിൽ വീഴ്‌ചയുണ്ടായെന്നും കാട്ടി ട്വിഷയുടെ മാതാപിതാക്കൾ സമീപിച്ചതോടെയാണ് വീണ്ടും പോസ്റ്ര്‌മോർട്ടം നടത്താൻ ഹൈക്കോടതിയെ ഉത്തരവിട്ടത്. ഡൽഹി എയിംസിൽ നിന്നുള്ള വിദഗ്ദ്ധർ വേണം പോസ്റ്റ്‌മോർട്ടം നടത്താനെന്നും നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് എയിംസിലെ വിദഗ്ദ്ധർ ഇന്നലെ ഭോപ്പാലിലെത്തുകയും നടപടിക്രമങ്ങൾ പൂ‌ർത്തിയാക്കുകയും ചെയ്തു.

ആദ്യ പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകളിൽ ഗുരുതര ആരോപണങ്ങളാണ് കുടുംബം ഉന്നയിച്ചിരുന്നത്. തൂങ്ങിമരണമാണെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നുമായിരുന്നു റിപ്പോർട്ടിൽ. എന്നാൽ മൃതദേഹം കണ്ടെത്തിയ സ്ഥലവും ട്വിഷയുടെ ഉയരവുമടക്കം ചില വൈരുദ്ധ്യങ്ങളുണ്ടെന്നും കുടുംബം പറഞ്ഞു. മാത്രമല്ല,​ ശരീരത്തിലെ പരിക്കുകളെക്കുറിച്ച് റിപ്പോർട്ടിൽ പറയുന്നുമില്ല. അന്വേഷണം കൈമാറണമെന്നും സ്വതന്ത്ര ഫോറൻസിക് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് അവർ മൃതദേഹം സംസ്കരിക്കാൻ തയ്യാറാകാതിരിക്കുകയായിരുന്നു.

കഴിഞ്ഞ 12നാണ് ട്വിഷയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അഭിഭാഷകനായ സമർത്ഥ് സിംഗുമായുള്ള വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തിലാണ് മരണം.

ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും ട്വിഷ ശാരീരിക പീഡനമുൾപ്പെടെ ക്രൂരതകൾ നേരിട്ടിരുന്നതായി മാതാപിതാക്കൾ ആരോപിച്ചിരുന്നു. അമ്മ രേഖാ ശർമ്മയോട് താൻ കുടുങ്ങിപ്പോയെന്നും മാനസിക പീഡനവും സ്ത്രീധന പീഡനവും നേരിടുന്നുണ്ടെന്നും ട്വിഷ വെളിപ്പെടുത്തിയിരുന്നു. കേസിൽ പ്രതിയായ സമർത്ഥിന്റെ അമ്മയും വിരമിച്ച ജില്ലാ ജഡ്ജിയുമായ ഗിരിബാല സിംഗ് മുൻകൂർ ജാമ്യം നേടിയിട്ടുണ്ട്. 2024ൽ ഡേറ്റിംഗ് ആപ്പ് വഴിയാണ് ട്വിഷയും സമർത്ഥവും പരിചയപ്പെടുന്നത്.

ചോദ്യം ചെയ്യലിനോട്

സഹകരിക്കാതെ സമർത്ഥ്

ദിവസങ്ങൾക്കുശേഷം ജബൽപൂർ കോടതിയിൽ കീഴടങ്ങിയ ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിംഗിനെ കോടതി ഏഴ് ദിവസത്തെ റിമാൻഡിൽ വിട്ടിരുന്നു. ഭോപ്പാൽ പൊലീസിന്റെ പ്രത്യേക സംഘം കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. എന്നാൽ ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മദ്ധ്യപ്രദേശ് ഹൈക്കോടതിയിലെ അഭിഭാഷകൻ കൂടിയായ സമർത്ഥ് അന്വേഷണം വഴിതിരിച്ചുവിടാനാണ് ശ്രമിക്കുന്നത്. കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് പൊലീസ് കോടതിയെ അറിയിച്ചു.