മോദിയുടെ സന്ദർശനത്തിനിടെ സ്ഫോടകവസ്തു, കർണാടകയിൽ ആറ് പൊലീസുകാർക്ക് സസ്പെൻഷൻ

Monday 25 May 2026 12:36 AM IST

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിച്ച വാഹനവ്യൂഹം കടന്നുപോയ വഴിയിൽ സഫോടകവസ്തുക്കൾ കണ്ടെടുത്ത സംഭവത്തിൽ കർണാടകയിൽ ആറ് പൊലീസുകാർക്ക് സസ്‌പെൻഷൻ. സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയതിനാണ് എസ്.ഐയും എ.എസ്.ഐയും ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി.

ബംഗളൂരു സൗത്ത് എസ്.പി ശ്രീനിവാസ് ഗൗഡ സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചു. കഴിഞ്ഞ 10നാണ് പ്രധാനമന്ത്രി ബംഗളൂരുവിലെത്തിയത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനുതൊട്ടുമുമ്പ് വഡേരഹള്ളി ഗേറ്റിന് സമീപം പരിശോധനയിൽ സഫോടകവസ്തുക്കൾ കണ്ടെത്തുകയായിരുന്നു.

കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തുകയും ജാഗ്രത പാലിക്കാതിരിക്കുകയും ചെയ്തതിനാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു.

പ്രധാനമന്ത്രിയുടെ യാത്രയ്ക്ക് മുമ്പ് പ്രദേശം സുരക്ഷിതമാക്കുന്നതിലും നിരീക്ഷിക്കുന്നതിലും ഉദ്യോഗസ്ഥർ പരാജയപ്പെട്ടു.

മോദി ബംഗളൂരുവിലെത്തുന്നതിന് രണ്ട് മണിക്കൂർ മുമ്പ്, രാവിലെ ഒമ്പതോടെയാണ് ഒരു കോൺസ്റ്റബിൾ സംശയാസ്പദമായ പെട്ടി കണ്ടെത്തിയത്.

ജെലാറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള സഫോടകവസ്തുക്കളായിരുന്നു ഇതിൽ. ഇത് ഉപേക്ഷിച്ചതാരാണെന്നും ഗൂഢാലോചനയുൾപ്പെടെ കണ്ടെത്തുന്നതിനും പൊലീസ് അന്വേഷണം തുടരുകയാണ്.