SignIn
Kerala Kaumudi Online
Monday, 25 May 2026 1.54 AM IST

ബംഗാളിലെ ഫാൽട്ടയിൽ‌ ബി.ജെ.പിക്ക് വൻ വിജയം

d

 ഒന്നര ലക്ഷത്തിനടുത്ത് ഭൂരിപക്ഷം

ന്യൂഡൽഹി: ക്രമസമാധാന പ്രശ്‌നത്തെ തുടർന്ന് റീപോളിംഗ് നടന്ന ബംഗാളിലെ ഫാൽട്ട അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പിക്ക് വൻ വിജയം. ബി.ജെ.പി സ്ഥാനാർത്ഥി ദേബാംഗ്ഷു പാണ്ഡ തൊട്ടടുത്ത സി.പി.എം സ്ഥാനാർത്ഥിയെക്കാൾ ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഇതോടെ 294 അംഗ നിയമസഭയിൽ ബി.ജെ.പിയുടെ അംഗബലം 208 ആയി ഉയർന്നു.

പാണ്ഡയ്ക്ക് 1,49,666 വോട്ടും സി.പി.എം സ്ഥാനാർത്ഥി ശംഭു നാഥ് കുർമി 40,645 വോട്ടും നേടി. കോൺഗ്രസ് സ്ഥാനാർത്ഥി അബ്ദുൽ റസാഖ് മൊല്ലയ്ക്ക് ലഭിച്ചത് 10,084 വോട്ടുകൾ മാത്രം. വോട്ടെടുപ്പിനു തൊട്ടുമുമ്പ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയിരുന്നു.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ, ഏപ്രിൽ 29നാണ് സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഫാൽട്ടയിൽ ആദ്യം വോട്ടെടുപ്പ് നടന്നത്. എന്നാൽ വോട്ടിംഗ് യന്ത്രത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ബട്ടൻ ടേപ്പ് ഒട്ടിച്ച് മറച്ചതുൾപ്പെടെ വ്യാപക അട്ടിമറിയും ക്രമക്കേടുകളും നടന്നതായി പരാതി ഉയർന്നു. കേന്ദ്ര സേനയും തൃണമൂൽ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടുകയും ചെയ്‌തു.

ഇതേത്തുടർന്ന് ഏപ്രിൽ 29ലെ വോട്ടെടുപ്പ് റദ്ദാക്കുകയും മേയ് 4ന് ഫലം പ്രഖ്യാപിക്കുന്നതിന് രണ്ടു ദിവസം മുൻപ് മണ്ഡലത്തിലെ 285 ബൂത്തുകളിലും വീണ്ടും വോട്ടെടുപ്പ് നടത്താൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിടുകയുമായിരുന്നു.

മണ്ഡലത്തിലെ ആകെ 2.36 ലക്ഷം വോട്ടർമാരിൽ 87 ശതമാനത്തിലധികം പേർ റീപോളിംഗിൽ പങ്കെടുത്തു. വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിനായി മണ്ഡലത്തിലുടനീളം 35 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചിരുന്നത്. കർശന സുരക്ഷാ ക്രമീകരണങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനപരമായാണ് വോട്ടെണ്ണൽ നടന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360