'ഒരിക്കലും വിശ്വസിക്കരുത്': കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ
ചെന്നൈ: ഡിഎംകെ വിട്ട് വിജയ്‌യുടെ തമിഴക വെട്രി കഴകം സഖ്യത്തിലേക്ക് ചേക്കേറിയ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ നേതാവും പ്രതിപക്ഷ നേതാവുമായ ഉദയനിധി സ്റ്റാലിൻ.കോണ്‍ഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിയ്ക്ക് അടിസ്ഥാന മര്യാദയോ നന്ദിയോ ഇല്ലെന്നും കുറ്റപ്പെടുത്തി. ചെന്നൈയില്‍ നടന്ന ഡിഎംകെയുടെ യോഗത്തിലാണ് ഉദയനിധി സ്റ്റാലിന്റെ വിമർശനം.
"നരേന്ദ്ര മോദിയും അമിത് ഷായുമാണ് ബിജെപിയുടെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നിലെന്നാണ് ഞാൻ ആദ്യം കരുതിയിരുന്നത്. എന്നാൽ അവരുടെ ആധിപത്യത്തിന് പിന്നിലെ യഥാർത്ഥ കാരണം കോൺഗ്രസ് തന്നെയാണ്"- അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനായി ഡിഎംകെ പ്രവർത്തകർ നടത്തിയ കഷ്ടപ്പാടിനെയും ഉദയനിധി ഓർമ്മിപ്പിച്ചു. ഇത്രയധികം പിന്തുണ നൽകിയിട്ടും കോൺഗ്രസിന്റെ ഭാഗത്ത് നിന്നും നന്ദികേടാണ് ഉണ്ടായതെന്നും ഇനി ഒരു രാഷ്ട്രീയ പോരാട്ടത്തിലും കോൺഗ്രസിനെ വിശ്വസിക്കരുതെന്നും അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു. തമിഴ്നാട്ടിലെ ജനങ്ങൾ കോൺഗ്രസിനെ പാഠം പഠിപ്പിക്കുമെന്നും ഉദയനിധി കൂട്ടിച്ചേർത്തു.
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കാതിരുന്ന വിജയ്‌യുടെ ടിവികെയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ വിള്ളല്‍ വീണത്. പിന്നാലെ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഉദയനിധി സ്റ്റാലിന്റെ വിമർശനം.