
ന്യൂഡൽഹി: ഇന്ത്യയുടെ ട്വന്റി- 20 ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടൻ സ്ഥാനത്ത് സൂര്യകുമാർ യാദവ് തുടരുന്ന കാര്യം കടുത്ത പ്രതിസന്ധിയിലേക്ക്. മോശം ഫോമിൽ തുടരുന്ന താരത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റാൻ ബിസിസിഐ സെലക്ഷൻ കമ്മിറ്റി ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.
സൂര്യകുമാർ യാദവിന് നായകനായി തുടരാനാകുമോ എന്ന കാര്യം മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. താരത്തെ ടീമിൽ നിലനിർത്തുന്ന കാര്യത്തിൽ ദേശീയ സെലക്ഷൻ കമ്മിറ്റി സംതൃപ്തരാണെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
ഫോം ഔട്ടായ സൂര്യ കഴിഞ്ഞ ഐപിഎൽ സീസണിലെപ്പോലെ (700ലധികം റൺസ് നേടിയത്) ഇത്തവണ ഫോമിലേക്ക് മടങ്ങിയെത്തുമെന്നാണ് സെലക്ടർമാർ ആദ്യം കരുതിയിരുന്നത്. എന്നാൽ താരം ബാറ്റിംഗിൽ തിരുത്തലുകൾ വരുത്തിയിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നു. തുടക്കക്കാരായ പേസർമാർ എറിയുന്ന ഹാർഡ് ലെംഗ്ത്ത് പന്തുകൾ പോലും നേരിടാൻ സൂര്യയ്ക്ക് കഴിയുന്നില്ലെന്നാണ് വിലയിരുത്തൽ. കൂടാതെ, 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ കളിക്കുന്ന ഇന്ത്യൻ ടീമിൽ സെലക്ടർമാർ സൂര്യയെ പ്രതീക്ഷിക്കുന്നില്ലെന്നും ബിസിസിഐ വൃത്തങ്ങൾ വെളിപ്പെടുത്തുന്നു.
സൂര്യയ്ക്ക് സ്ഥാനം നഷ്ടമായാൽ പകരം നായക സ്ഥാനത്തേക്ക് വരാൻ സാദ്ധ്യതയുള്ള സൂപ്പർ താരങ്ങളുടെ പേരുകൾ ഇതിനകം തന്നെ ചർച്ചയായിക്കഴിഞ്ഞു. ശ്രേയസ് അയ്യരാണ് ഉയർന്നു കേൾക്കുന്ന പേരിൽ മുൻതൂക്കമുള്ളത്. മികച്ച ക്യാപ്ടൻസി മികവുള്ള ശ്രേയസ് ഈ സ്ഥാനത്തേക്ക് പറ്റിയ ശക്തനായ കളിക്കാരനാണ്. എന്നാൽ കോച്ച് ഗൗതം ഗംഭീറുമായി അയ്യർക്ക് എത്രത്തോളം ഒത്തുപോകാൻ കഴിയും എന്നത് ചോദ്യചിഹ്നമാണ്. 2024ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎൽ കിരീടം നേടിയപ്പോൾ, അതിന്റെ മുഴുവൻ ക്രെഡിറ്റും മെന്ററായ ഗംഭീറിന് ലഭിച്ചതിൽ അയ്യർക്ക് നിശബ്ദമായ അതൃപ്തിയുണ്ടായിരുന്നു എന്നത് ക്രിക്കറ്റ് വൃത്തങ്ങളിൽ രഹസ്യമല്ല.
അതേസമയം ഗുജറാത്ത് ടൈറ്റൻസിനെ മികച്ച രീതിയിൽ നയിക്കുകയും ഐപിഎല്ലിൽ മികച്ച ഫോം തുടരുകയും ചെയ്യുന്ന ശുഭ്മാൻ ഗില്ലിന്റെ സാദ്ധ്യതകൾ വീണ്ടും വർദ്ധിച്ചിട്ടുമുണ്ട്. ട്വന്റി-20 ലോകകപ്പിന് തൊട്ടുമുൻപ് ഫോം മങ്ങിയതാണ് ഗില്ലിന് തിരിച്ചടിയായത്. സൂര്യകുമാർ പുറത്തായാൽ ഗിൽ വീണ്ടും ട്വന്റി-20 ടീമിലേക്ക് നായകനായി തിരിച്ചെത്തിയേക്കും. അങ്ങനെ വന്നാൽ ഗിൽ ഓപ്പണറായും, മലയാളി താരം സഞ്ജു സാംസൺ മൂന്നാം നമ്പറിലും, ഇഷാൻ കിഷൻ നാലാം നമ്പറിലും ഇറങ്ങുന്ന പുതിയൊരു ബാറ്റിംഗ് നിരയും ആലോചിക്കേണ്ടി വരും.
2028 ഒളിമ്പിക്സ് ലക്ഷ്യമിട്ട് കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ സാന്നിദ്ധ്യവും ഭാവി ക്യാപ്ടൻസി ചർച്ചകൾക്ക് പുതിയൊരു മാനം നൽകുന്നുണ്ട്. മറ്റൊരു പേര് തിലക് വർമ്മയുടേതാണ്. സൂര്യകുമാറിനെ മാറ്റുകയാണെങ്കിൽ തിലകിനെ പരിഗണിക്കാനും സാദ്ധ്യതയുണ്ട്. എല്ലാ ചർച്ചകൾക്കും ഒടുവിൽ, നായകൻ എന്ന നിലയിൽ സൂര്യകുമാറിന് ഒരു പരമ്പര കൂടി നൽകണോ എന്ന അന്തിമ തീരുമാനം ഗംഭീറിന്റെ കൈകളിൽ തന്നെയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |