റിഷഭ് പന്തിന്റെ കണ്ണ് നിറച്ച ഐപിഎൽ സീസൺ; ആരാധകരോട് മാപ്പ് പറഞ്ഞ് ലക്നൗ നായകൻ

Sunday 24 May 2026 11:13 AM IST

ലക്നൗ: ഐപിഎല്ലിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ആരാധകരോട് പരസ്യമായി ക്ഷമാപണം നടത്തി ലക്നൗ സൂപ്പർ ജയന്റ്സ് നായകൻ ഋഷഭ് പന്ത്. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തിൽ ടോസിന് ശേഷം സംസാരിക്കവെയാണ് പന്ത് ടീമിന്റെ മോശം പ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ചത്. ടൂർണമെന്റിൽ നിന്ന് ഇതിനകം തന്നെ ലക്നൗ പുറത്തായിരുന്നു.

'ഞങ്ങളെ സംബന്ധിച്ച് ഇത്തവണത്തെ സീസൺ ഏറെ കഠിനമായിരുന്നു. എന്നാൽ വ്യക്തിപരമായും ഒരു ടീമെന്ന നിലയിലും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ഈ സീസൺ സഹായിച്ചിട്ടുണ്ട്. ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഞങ്ങളെ പിന്തുണയ്ക്കാൻ എത്തിയ മുഴുവൻ ആരാധകരോടും ക്ഷമ ചോദിക്കുന്നു. കാര്യങ്ങൾ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല. എങ്കിലും ഇന്നത്തെ മത്സരത്തിൽ ടീം നൂറ് ശതമാനവും നൽകി പോരാടും'. പന്ത് പറഞ്ഞു.

എന്നാൽ ഇന്നലെ നടന്ന മത്സരത്തിലും ലക്നൗവിന് തോൽവിയേറ്റു വാങ്ങേണ്ടി വന്നു. തുടർച്ചയായ മൂന്നാം വർഷവും പ്ലേഓഫ് കാണാതെയാണ് ലക്നൗ പുറത്തായത്. വമ്പൻ താരങ്ങളുടെ നിരയുമായി ഇറങ്ങിയിട്ടും സീസണിൽ ലക്നൗവിന് താളം കണ്ടെത്താനായില്ല. ടൂർണമെന്റിൽ നിന്ന് ഏറ്റവും ആദ്യം പുറത്താകുന്ന ടീമെന്ന നാണക്കേടും ഇത്തവണ ലക്നൗ സൂപ്പർ ജയന്റ്സിനെ തേടിയെത്തി.

കളിച്ച 13 മത്സരങ്ങളിൽ വെറും നാല് വിജയങ്ങൾ മാത്രമാണ് പന്തിന്റെ നായകത്വത്തിലുള്ള ലക്നൗവിന് നേടാനായത്. ഒൻപത് മത്സരങ്ങളിലും അവർ പരാജയം രുചിച്ചു. 2024, 2025 ഐപിഎൽ സീസണുകളിൽ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ലക്നൗവിന് ഇത് തുടർച്ചയായ മൂന്നാം വർഷമാണ് പ്ലേഓഫ് യോഗ്യത നേടാനാകാതെ നിരാശയോടെ മടങ്ങേണ്ടി വരുന്നത്. അവസാന മത്സരത്തിലെങ്കിലും വിജയം രുചിച്ച് സീസൺ അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും തോൽവിയായിരുന്നു ഫലം.