‘കാത്തിരിക്കേണ്ടി വന്നിട്ടും തളരാതെ പിടിച്ചുനിന്നതിൽ അഭിമാനം‘; വൈകാരിക കുറിപ്പുമായി സച്ചിൻ ടെൻഡുൽക്കർ
മുംബയ്: ഐപിഎൽ 2026 സീസണിൽ മകൻ അർജുന്റെ ലക്നൗ സൂപ്പർ ജയന്റസിനായുള്ള അരങ്ങേറ്റ മത്സരത്തിന് പിന്നാലെ വൈകാരിക കുറിപ്പുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റ് ഒരാളുടെ കഴിവിനെയും ക്ഷമയെയും ഒരുപോലെ പരീക്ഷിക്കുന്ന ഒന്നാണെന്നും അർജുൻ രണ്ടും മനോഹരമായി കൈകാര്യം ചെയ്തെന്നും സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പ്ലേ ഓഫ് കാണാതെ നേരത്തെ തന്നെ പുറത്തായ ലക്നൗ പഞ്ചാബ് കിംഗ്‌സിനെതിരായ അവസാന മത്സരത്തിലാണ് അർജുന് അവസരം ലഭിച്ചത്. ലക്നൗ തോറ്റെങ്കിലും ബാറ്റിങ്ങിലും ബൗളിങ്ങിലും അവസരം ലഭിച്ച അർജുൻ ഒരു വിക്കറ്റ് നേടി ഭേദപ്പെട്ട പ്രകടനമാണ് കാഴ്ച്ചവച്ചത്. മത്സരശേഷം സോഷ്യൽ മീഡിയയിൽ വൈകാരിക കുറിപ്പ് പങ്കുവച്ചാണ് അർജുനെ സച്ചിൻ അഭിനന്ദിച്ചത്.
‘‘വെൽ ഡൺ, അർജുൻ. ഈ സീസണിലുടനീളം ആത്മവിശ്വാസം കൈവിടാതെ മുന്നോട്ടുപോയതിൽ വലിയ അഭിമാനമുണ്ട്. സ്വന്തം കഴിവിലുള്ള വിശ്വാസം മുറുകെ പിടിച്ച്, ക്ഷമയോടെ, ആരെയും അറിയിക്കാതെ കഠിനാധ്വാനം ചെയ്തതിലും, ഏറ്റവും അവസാനത്തെ മത്സരം വരെ അവസരത്തിനായി കാത്തിരിക്കേണ്ടി വന്നിട്ടും തളരാതെ പിടിച്ചുനിന്നതിലും അഭിമാനിക്കുന്നു. ക്രിക്കറ്റ് ഒരാളുടെ കഴിവിനെയെന്ന പോലെ അവന്റെ ക്ഷമയെയും പരീക്ഷിക്കുന്ന ഒന്നാണ്; നീ ഇന്ന് അവ രണ്ടും വളരെ മനോഹരമായി കൈകാര്യം ചെയ്തു.എപ്പോഴും വിനയമുള്ളവനായിരിക്കുക എന്നത്തെയും പോലെ കളിയോടുള്ള സ്നേഹം തുടർന്നും നിലനിർത്തുക. ഒരുപാട് സ്നേഹത്തോടെ..’’-സച്ചിൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മുൻ സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന അർജുൻ അവസരം ലഭിക്കാതെ വന്നതോടെയാണ് ഈ സീസണ് മുന്നോടിയായി ലക്നൗ ടീമിൽ എത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ ഗോവക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും ലക്നൗവിന്റെ ബെഞ്ചിലിരിക്കാനായിരുന്നു താരപുത്രന്റെ വിധി.