SignIn
Kerala Kaumudi Online
Wednesday, 10 June 2026 1.05 AM IST

ഇടിവെട്ടാകാൻ ഇംഗ്ളണ്ട്

world-cup-england

1966ലാണ് ആദ്യമായും അവസാനമായും ഇംഗ്ളണ്ട് ലോകകപ്പ് ഫുട്ബാൾ കിരീടത്തിൽ മുത്തമിട്ടത്. പിന്നീട് ലോകോത്തരതാരങ്ങൾ നിരവധിയുണ്ടായെങ്കിലും ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ഫുട്ബാൾ ലീഗിന്റെ അധിപരാണെങ്കിലും ലോകകപ്പ് ഇംഗ്ളണ്ടിലേക്ക് എത്തിയിട്ടില്ല. 60 വർഷമായി നീളുന്ന ആ കാത്തിരിപ്പിന് ഇക്കുറിയെങ്കിലും അന്ത്യം കുറിക്കാനാണ് ഹാരി കേനിന്റെ നേതൃത്വത്തിൽ ഇംഗ്ളണ്ട് പടയ്ക്കിറങ്ങുന്നത്.

ലോക ഫുട്ബോളിലെ ഏറ്റവും സമ്പന്നമായ ആക്രമണനിരകളിലൊന്നും യുവപ്രതിഭകളാൽ നിറഞ്ഞ സ്‌ക്വാഡും കൈവശമുള്ള ഇംഗ്ലണ്ട് ഈ തവണ യഥാർത്ഥ കിരീടസാധ്യതക്കാരായിട്ടാണ് വിലയിരുത്തപ്പെടുന്നത്. തുടർച്ചയായി രണ്ട് യൂറോ കപ്പ് ഫൈനലുകളിൽപരാജയപ്പെട്ടതിന്റെ വേദന ഇംഗ്ലണ്ടിനെ പിന്തുടരുന്നുണ്ട്. എന്നാൽ അതേ നിരാശയാണ് ഇത്തവണ ടീമിന്റെ ഏറ്റവും വലിയ പ്രചോദനമായി മാറുന്നത്.
ഇംഗ്ലണ്ടിന്റെ വലിയ മാറ്റം പരിശീലകസ്ഥാനത്താണ്. തോമസ് ടുഹേലിന്റെ വരവ് ടീമിന്റെ മുഖച്ഛായ തന്നെ മാറ്റി. ഗാരേത്ത് സൗത്ത് ഗേയ്റ്റിന് പകരം ടുഹേൽ വന്നതോടെ ഇംഗ്ലണ്ട് മികച്ച ടീമായി മാറി. അദ്ദേഹത്തിന്റെ കീഴിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തോൽവിയറിയാതെ മുന്നേറുകയും ഒരു ഗോൾ പോലും വഴങ്ങാതിരിക്കുകയും ചെയ്തു. ക്ലബ് തലത്തിൽ നിരവധി കിരീടങ്ങൾ നേടിയ ടുഹേൽ ദേശീയ ടീമിനൊപ്പവും ചരിത്രം കുറിക്കാനാണ് ശ്രമിക്കുന്നത്.
ഈ ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ കരുത്ത് ആക്രമണനിരയാണ്. ലോകത്തിലെ മികച്ച യുവതാരങ്ങളിൽ പലരും ഇംഗ്ലണ്ടിന്റെ സ്‌ക്വാഡിലുണ്ട്. ഹാരി കേൻ തന്നെയാണ് പ്രധാന ഗോൾ വേട്ടക്കാരൻ. ഫിനിഷിംഗിൽ മാത്രമല്ല, മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുന്ന അദ്ദേഹത്തിന്റെ ശൈലി വിംഗർമാർക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നു. കേനിനൊപ്പം ബുക്കായോ സാക്ക, ഫിൽ ഫോഡൻ, ജൂഡ് ബെല്ലിംംഗ്ഹാം, കോൾ പാമർ തുടങ്ങിയ താരങ്ങൾ ഇംഗ്ലണ്ടിന്റെ ആക്രമണത്തെ മൂർച്ചയുള്ളതാക്കുന്നു. പ്രതിരോധ നിരയിലാണ് ചെറിയ പ്രശ്‌നങ്ങൾ. പേരുകേട്ട സെന്റർ ബാക്ക് ടീമിലില്ല. റീസ് ജെയിംസ് അടക്കമുള്ള ഫുൾബായ്ക്കുകൾ നിരന്തരം പരിക്കിന്റെ പിടിയിലാണ്.
ഇംഗ്ലണ്ടിന് കഴിവുള്ള താരങ്ങൾ ഒരിക്കലും കുറവായിരുന്നില്ല. പക്ഷേ ആ കഴിവിനെ കിരീടമായി മാറ്റാൻ പലപ്പോഴും സാധിച്ചിരുന്നില്ല. ആ ചരിത്രം മാറ്റാനുള്ള അവസരമാണ് ഇപ്പോഴത്തെ തലമുറയ്ക്ക് മുന്നിലുള്ളത്.

കടുപ്പം ഗ്രൂപ്പ് ഘട്ടം

ഇത്തവണ ഗ്രൂപ്പ് ഘട്ടത്തിൽ കടുത്ത മത്സരമാണ് ഇംഗ്ലണ്ടിന് നേരിടേണ്ടിവരിക. ക്രൊയേഷ്യ, ഘാന, പനാമ തുടങ്ങിയ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എല്ലിലാണ് ഇംഗ്ലണ്ടിന്റെ സ്ഥാനം.ആദ്യ മത്സരംതന്നെ ക്രൊയേഷ്യയോടാണ്. തുടർന്ന് ഘാനയെ നേരിടേണം. ഈ രണ്ട് മത്സരങ്ങളിലെ പ്രകടനമാകും മുന്നോട്ടുള്ള ഗതി നിർണയിക്കുക. ഒരു ഗ്രൂപ്പിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാർക്കാണ് രണ്ടാം റൗണ്ടിലേക്ക് ഷുവർ സീറ്റ്. 12 ഗ്രൂപ്പുകളിൽ നിന്ന് മികച്ച എട്ട് മൂന്നാം സ്ഥാനക്കാർക്ക് കൂടി രണ്ടാം റൗണ്ടിലെത്താം.

ഇംഗ്ളണ്ട് സ്ക്വാഡ്

ഗോൾകീപ്പർമാർ : ജോർദാൻ പിക്ഫോഡ്,ഡീൻ ഹെൻഡേഴ്സൺ,ജെയിംസ് ട്രഫോഡ്.

ഡിഫൻഡർമാർ : റീസ് ജെയിംസ്,എസ്റി കോൻസ,യാറെൽ ക്വാൻസ,ജോൺ സ്റ്റോൺസ്,മാർക് ഗ്വേഹി,ഡാൻ ബേൺ,നിക്കോ ഒറേയ്‌ലി,എദ് സ്പെൻസ്,ടിനോ ലിവ്രമെന്റോ.

മിഡ്ഫീൽഡർമാർ : ഡെക്ളാൻ റൈസ്,എലിയട്ട് ആൻഡേഴ്സൺ,കോബീ മയ്നൂ,ജോർദാൻ ഹെൻഡേഴ്സൺ,മോർഗൻ റോജേഴ്സ്,ജൂഡ് ബെല്ലിംഗ്ഹാം,എബരേച്ചി എസെ.

സ്ട്രൈക്കർമാർ: ഹാരി കേൻ,ഇവാൻ ടോണി,ഒലീ വാറ്റ്കിൻസ്,ബുക്കായോ സാക്ക,മാർക്കസ് റാഷ്ഫോഡ്,ആന്തണി ഗോർഡൻ,നോനി മദൂക്കെ.

ജൂൺ 18 Vs ക്രൊയേഷ്യ

ജൂൺ 24 Vs ഘാന

ജൂൺ 28 Vs പാനമ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, ENGLAND
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360