SignIn
Kerala Kaumudi Online
Wednesday, 10 June 2026 4.07 AM IST

ഇനി കാൽപന്ത് ഓളം: ഫിഫ ലോകകപ്പിന് മണിക്കൂറുകൾ മാത്രം

READ ENGLISH VERSION
fifa

മെക്‌സിക്കോ സിറ്റി: ഭൂമി ഒരു പന്തിന് ചുറ്റും കറങ്ങാൻ ഇനി മണിക്കൂറുകളുടെ മാത്രം കാത്തിരിപ്പ്. കാൽപന്തുകളി മാമാങ്കമായ ലോകകപ്പ് ഫുട്ബാളിന്റെ 23-ാം പതിപ്പിന് ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 12.30ന് തുടക്കമാകും. ആതിഥേയ രാജ്യങ്ങളിൽ ഒന്നായ മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ആദ്യ പോരാട്ടം. ജൂലായ് 19നാണ് ഫൈനൽ.

ആതിഥ്യത്തിലും പങ്കാളിത്തത്തിലും ലോകകപ്പ് ചരിത്രത്തിലെ വലിയ മാറ്റങ്ങളോടെയാണ് അമേരിക്കയും മെക്‌സിക്കോയും കാനഡയും ആതിഥ്യമരുളുന്നത്. കൂടുതൽ ടീമുകളും മത്സരങ്ങളുമാണ് പ്രധാനപ്രത്യേകത. ലയണൽ മെസി നയിക്കുന്ന നിലവിലെ ചാമ്പ്യന്മാരായ അർജന്റീന, ലാമിൻ യമാലെന്ന ചെറുബാല്യക്കാരന്റെ ചിറകേറിവരുന്ന യൂറോപ്യൻ ചാമ്പ്യന്മാരായ സ്‌പെയ്ൻ, കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും ഫൈനലിൽ കളിച്ച എംബാപ്പെയുടെ ഫ്രാൻസ്, പ്രൗഢപാരമ്പര്യവുമായി ജർമ്മനി, പ്രതാപം വീണ്ടെടുക്കാനായി ബ്രസീൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പടനായകനായി കപ്പടിക്കാനെത്തുന്ന പോർച്ചുഗൽ.

വാഴ്‌ത്തുപാട്ടുകളിൽ കേമന്മാരല്ലെങ്കിലും ഇംഗ്ളണ്ടും ഹോളണ്ടും കളിക്കളത്തിലെ ഈറ്റപ്പുലികളാണ്. ക്രൊയേഷ്യയും ബെൽജിയവും മൊറോക്കോയും കറുത്തകുതിരകളാകാൻ ശേഷിയുള്ളവരാണ്. സെനഗലും ഘാനയും ഈജിപ്‌തും ഉൾപ്പടെയുള്ളവരാണ് ആഫ്രിക്കൻ കരുത്തരാകുന്നത്. ജപ്പാനും ദക്ഷിണകൊറിയയും സൗദിയും ഇറാനും ഇറാഖുമാണ് ലോകകപ്പിലെ ഏഷ്യൻ പ്രതീക്ഷകൾ. ആദ്യ ലോകകപ്പിന്റെ രുചിയറിയാൻ ഉസ്ബക്കിസ്ഥാനും ജോർദാനും ഇത്തിരിക്കുഞ്ഞന്മാരായ കേപ് വെർദേയും കുറാസോയും. ട്രയോണ്ട എന്ന പന്തിന്റെ ചലനങ്ങളാകും ഇനി കായികലോകത്തിന്റെ ചങ്കിടിപ്പ്.

മെസിയുടേയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടേയും നെയ്‌മറുടേയും ലൂക്കാ മൊഡ്രിച്ചിന്റേയുമൊക്കെ കരിയറിലെ അവസാന ലോകകപ്പായിരിക്കും ഇത്. മെസിയുടെ കിരീടസ്വപ്‌നം നാലുവർഷങ്ങൾക്ക് മുമ്പ് ഖത്തറിൽ സഫലമായിരുന്നു. ക്രിസ്റ്റ്യാനോയ്‌ക്ക് ഇത്തവണ ആ ഭാഗ്യമുണ്ടാകുന്നതിനായി ആരാധകർ കാത്തിരിക്കുകയാണ്. ശ്രദ്ധിക്കപ്പെടാൻ പ്രാപ്‌തിയുള്ള സ്‌പാനിഷ് കൗമാര പ്രതിഭ ലാമിൻ യമാലടക്കം ഒരുപിടി അരങ്ങേറ്റക്കാരുമുണ്ട്.

39 ദിവസം,​ 104 മത്സരങ്ങൾ

 മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നത് 48 ടീം

 കഴിഞ്ഞ ലോകകപ്പിലെ ആദ്യ റൗണ്ടിൽ മാറ്റുരച്ചത് 32 ടീമുകൾ

 പ്രാഥമിക റൗണ്ടിൽ നാലുടീമുകൾ വീതമടങ്ങുന്ന 12 ഗ്രൂപ്പുകൾ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, FIFA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360