36000 അടി ഉയരത്തിൽ വിമാനത്തിന്റെ വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം; സഹയാത്രികനെ ആക്രമിച്ചതായും റിപ്പോർട്ട്

Sunday 24 May 2026 4:51 PM IST

വാഷിംഗ്ടൺ: 36000 അടി ഉയരത്തിൽ യുണൈറ്റഡ് എയർലൈൻ വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. യുണൈറ്രഡ് 1551 എന്ന വിമാനത്തിലാണ് യാത്രക്കാരെയൊന്നാകെ ഭീതിയിലാക്കിയ സംഭവം അരങ്ങേറിയത്. നേവാർക്കിൽ നിന്ന്‌ ഗ്വാട്ടിമാല സിറ്റിയിലേക്ക് പോകുകയായിരുന്ന വിമാനം ഇതേതുടർന്ന് വാഷിംഗ്‌ടൺ ഡള്ളസ് എയർപോർട്ടിലേക്ക് വഴിതിരിച്ചുവിട്ടു. മനോനില തെറ്റിയ യാത്രക്കാരൻ മറ്റൊരു യാത്രക്കാരനെ ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന് പൈലറ്റും എയർ ട്രാഫിക് കൺട്രോളുമായി (എടിസി) നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങൾ പുറത്തുവന്നു. വിമാനത്തിന്റെ പിൻവശത്തെ വാതിലാണ് യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോയെന്ന് എടിസി ചോദിച്ച് ഉറപ്പുവരുത്തുന്നുണ്ട്. അക്രമം നടത്തിയ യാത്രക്കാരനെതിരെ സ്വീകരിച്ച നടപടികൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ഈ മാസം ആദ്യം യുണൈറ്റഡ് എയർലൈൻസ് വിമാനത്തിലെ യാത്രക്കാരൻ ഒരു ഫ്ലൈറ്റ് അറ്റൻഡന്റിനെ ആക്രമിക്കുകയും കോക്ക്പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്‌തിരുന്നു. ന്യൂവേർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ അയാളെ അധികൃതർ കസ്റ്റഡിയിലെടുക്കുകയായിരുന്നു,