താൻ മണ്ടനല്ലെന്ന് ട്രംപ്: ' ബുദ്ധിമാനായ സ്വേച്ഛാധിപതി ! '
വാഷിംഗ്ടൺ: തന്നെ വിമർശകർ 'സ്വേച്ഛാധിപതി' എന്ന് വിളിച്ചാൽ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും എന്നാൽ തന്നെ 'മണ്ടൻ' എന്ന് വിളിക്കുന്നതിനെ അങ്ങേയറ്റം വെറുക്കുന്നെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ബുദ്ധിമാനായ ഏകാധിപതി' എന്ന് വിളിക്കപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ന്യൂയോർക്കിൽ നടന്ന റാലിയിൽ അണികളെ അഭിസംബോധന ചെയ്യവെയാണ് പരാമർശം. എതിരാളികൾ തന്റെ ബുദ്ധിശക്തിയെ ചോദ്യം ചെയ്യുന്നതിനെ വിമർശിച്ച ട്രംപ്, പതിവ് മാനസിക ക്ഷമതാ പരിശോധനകളിൽ താൻ പൂർണമായും വിജയിക്കാറുണ്ടെന്നും പറഞ്ഞു.
# മകന്റെ വിവാഹത്തിൽ
പങ്കെടുക്കില്ല
ഔദ്യോഗിക തിരക്കുകൾ കാരണം മകൻ ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ വിവാഹ ആഘോഷങ്ങളിൽ ട്രംപ് പങ്കെടുക്കില്ല. വെള്ളിയാഴ്ച ബഹമാസിൽ തുടങ്ങിയ ആഘോഷം ഇന്ന് അവസാനിക്കും. സർക്കാരിന്റെ കടമകളും രാജ്യത്തോടുള്ള സ്നേഹവുമാണ് തനിക്ക് വലുതെന്ന് ട്രംപ് പറയുന്നു. എന്നാൽ, ഇറാനെതിരെ പുതിയ ആക്രമണത്തിന് യു.എസ് ഒരുങ്ങുന്നെന്ന റിപ്പോർട്ടുകൾക്കിടെ ട്രംപ് വാഷിംഗ്ടണിൽ തുടരുന്നത് അഭ്യൂഹങ്ങൾക്ക് ഇടയാക്കുന്നു.
# ജാഗ്രതയിൽ ഇറാൻ,
വെടിനിറുത്തൽ നീട്ടിയേക്കും
ചർച്ച തകർന്നാൽ യു.എസ് വീണ്ടും ആക്രമിക്കാമെന്നതിനാൽ ജാഗ്രത ശക്തമാക്കി ഇറാൻ. പടിഞ്ഞാറൻ ഇറാനിൽ വ്യോമപാത അടച്ചു. ശത്രുവിനെ നേരിടാൻ സജ്ജമെന്ന് സൈന്യം
അതേ സമയം ചർച്ചയിൽ പുരോഗതിയുണ്ടെന്നും സമാധാന കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ
ഇറാൻ-യു.എസ് വെടിനിറുത്തൽ 60 ദിവസത്തേക്ക് നീട്ടി അതിനുള്ളിൽ ഭിന്നതകൾ പരിഹരിക്കാൻ മദ്ധ്യസ്ഥ രാജ്യങ്ങളായ പാകിസ്ഥാന്റെയും ഖത്തറിന്റെയും ശ്രമം. ഇറാനും യു.എസും അനുകൂലമെന്ന് സൂചന
ആണവ വിഷയം അടക്കം ആവശ്യങ്ങളിൽ വിട്ടുവീഴ്ചയില്ലെന്നും യുദ്ധത്തിന്റെ നഷ്ടപരിഹാരം നൽകിയാൽ ഹോർമുസ് തുറക്കാമെന്നും ഉറച്ച് ഇറാൻ