തുൾസി ഗബ്ബാർഡിന്റെ രാജി: അഭ്യൂഹങ്ങൾ തള്ളി അധികൃതർ
വാഷിംഗ്ടൺ: യു.എസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡിന്റെ രാജി വൈറ്റ് ഹൗസിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള ഭിന്നത കാരണം തുൾസിയെ രാജിക്ക് പ്രേരിപ്പിച്ചെന്ന തരത്തിലെ മാദ്ധ്യമ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് നൂറു ശതമാനം വ്യാജമാണെന്ന് തുൾസിയുടെ ഓഫീസ് അറിയിച്ചു.
ഭർത്താവ് എബ്രഹാം വില്യംസിന് അസ്ഥിയെ ബാധിക്കുന്ന അപൂർവ്വ ക്യാൻസർ സ്ഥിരീകരിച്ചെന്നും അദ്ദേഹത്തിന് പിന്തുണ നൽകാനായി സ്ഥാനം ഒഴിയുകയാണെന്നും വെള്ളിയാഴ്ചയാണ് തുൾസി പ്രഖ്യാപിച്ചത്. ജൂൺ 30 വരെ പദവിയിൽ തുടരും. സി.ഐ.എ അടക്കം യു.എസിന്റെ 18 ഇന്റലിജൻസ് ഏജൻസികളുടെ ചുമതല തുൾസിക്കായിരുന്നു.
ട്രംപിന്റെ വാദങ്ങൾക്ക് വിരുദ്ധമായി, ഇറാൻ ആണവായുധങ്ങൾ നിർമ്മിക്കുന്നില്ലെന്ന് തുൾസി പറഞ്ഞത് വിവാദം സൃഷ്ടിച്ചിരുന്നു. യുദ്ധ വിരുദ്ധ നിലപാടുള്ള തുൾസി, ട്രംപ് സർക്കാരിന്റെ വിദേശ സൈനിക ഇടപെടലുകളെ പൂർണമായും പിന്തുണച്ചിരുന്നില്ല. അതേ സമയം, തുൾസി മികച്ച സേവനം കാഴ്ചവച്ചെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു.